KERALAM

എത്ര കടുവകൾ ? കേരളം പറയുന്നത് 213, കേന്ദ്രകണക്കിൽ 190 # അയൽസംസ്ഥാനങ്ങളിലെ കടുവകളും എത്താറുണ്ട്

തിരുവനന്തപുരം: കേരളത്തിലെ വനങ്ങളിൽ എത്ര കടുവകളുണ്ടെന്ന കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കണക്കിൽ വൈരുദ്ധ്യം. കേന്ദ്രവനംമന്ത്രാലയം ലോകസഭയിൽ വച്ച കണക്കുപ്രകാരം കേരളത്തിൽ 190കടുവകളുണ്ടെങ്കിൽ, സംസ്ഥാന സർക്കാർ നിയമസഭയിൽ വച്ച കണക്കിൽ ഇത് 213ആണ്. വയനാട്ടിൽ മാത്രം 84കടുവകളുണ്ട്. ഇതിൽ 39 എണ്ണം മുൻകാലങ്ങളിൽ ക്യാമറാനിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നവയല്ല. ഇവ ബന്ദിപ്പൂരടക്കം അന്യസംസ്ഥാന വനമേഖലയിൽ നിന്നെത്തിയതാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. വയനാട്, ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30 ലക്ഷത്തോളം ജനങ്ങളാണ് വന്യജീവി ഭീതിയിൽ കഴിയുന്നത്.

കർണാകയിലെ ബന്ദിപ്പൂർ, നാഗർഹോളെ, ബി.ആർ ടൈഗർറിസർവ്, തമിഴ്നാട്ടിലെ മുതുമലൈ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്ന് വയനാട്ടിലേക്ക് കടുവകളെത്തുന്നു. കർണാടകത്തിൽ 524 കടുവകളാണുള്ളത്. വയനാടൻ കാടുകളിൽ 100ചതുരശ്ര കിലോമീറ്ററിൽ എട്ട് കടുവകളുണ്ടെന്നാണ് കണക്ക്. 2018ലെ കണക്കെടുപ്പിൽ ഇത് 9.3ആയിരുന്നു. അന്ന് 120കടുവകളെ കണ്ടെത്തിയിരുന്നു. ഇതിൽ 45 കടുവകളെ മാത്രമേ 2023ലെ കണക്കെടുപ്പിൽ കണ്ടെത്താനായിട്ടുള്ളൂ. ബന്ദിപ്പൂരിലും നാഗർഹോളയിലും കടുവകളുടെ എണ്ണം കൂടിയതായാണ് കണക്കെടുപ്പിൽ കണ്ടെത്തിയത്.

ഇരതേടാനാവാത്ത തരത്തിൽ പരിക്കേറ്റതും വാർദ്ധക്യവും അസുഖവും ബാധിച്ചതുമായ കടുവകളാണ് ഇരതേടി ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. മനുഷ്യന് ഭീഷണിയാവുന്ന കടുവകളെ പിടികൂടി പറമ്പിക്കുളം, പെരിയാർ കടുവ സങ്കേതങ്ങളിൽ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ആളെ കൊന്നാൽ മാത്രമാണ് കടുവകളേയും ആനകളേയും പിടികൂടാൻ വനംവകുപ്പ് തയ്യാറാകുന്നത്. കടുവസംരക്ഷണത്തിനായി കേന്ദ്രസർക്കാർ ‘പ്രോജക്ട്‌ ടൈഗർ’ സ്കീം പ്രകാരം സംസ്ഥാനങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നുണ്ട്. 5 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 640പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്.

റേഡിയോ കോളർ പൊളിഞ്ഞു

കടുവകളുടെ സ്ഥാനം അറിയാൻ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുള്ള റേഡിയോ കോളറിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന പ്രഖ്യാപനം പാഴായി.

ആക്രമണകാരികളായ വന്യജീവികളെ കണ്ടെത്താൻ വനാതിർത്തികളിൽ സ്ഥാപിച്ച ക്യാമറാനിരീക്ഷണവും ഫലപ്രദമല്ല


Source link

Related Articles

Back to top button