പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ; ബ്രൂവറി വരുമ്പോൾ 600 കോടി നിക്ഷേപം

650 പേർക്ക് തൊഴിൽ
തിരുവനന്തപുരം: കഞ്ചിക്കോട്ട് ബ്രൂവറി തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ബ്രൂവറിയിലൂടെ 600 കോടിയുടെ നിക്ഷേപവും 650 പേർക്ക് തൊഴിലും ലഭിക്കും. ഇപ്പോൾ പുറത്തേക്ക് പോകുന്ന 3300 കോടി കേരളത്തിന് കിട്ടും. കുടിവെള്ളപ്രശ്നമൊന്നും ഉണ്ടാകില്ല.
ബ്രൂവറി, ബാർ എന്നെല്ലാം കേൾക്കുമ്പോൾ അഴിമതി ഓർമ്മവരുന്നത് മുൻ പ്രതിപക്ഷനേതാവ് പറഞ്ഞപോലെ ജനിതകപ്രവർത്തനം കൊണ്ടാണ്. ആ പാപഭാരം ഇങ്ങോട്ട് കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു.
നാട്ടിൽ വ്യവസായങ്ങൾ തുടങ്ങേണ്ടത് വികസനത്തിനും തൊഴിൽ ലഭ്യതയ്ക്കും അനിവാര്യമാണ്. നിയമപ്രകാരമാണ് അനുമതി നൽകിയത്. നിക്ഷേപകർ ഗുണപരമായ നിർദേശവുമായി വന്നാൽ സർക്കാർ ഇനിയും പ്രോത്സാഹിപ്പിക്കും.
കേരളത്തിൽ നിലവിൽ 10 ഡിസ്റ്റിലറിയും 8 ബ്ലൻഡിംഗ് യൂണിറ്റും രണ്ട് ബ്രുവറിയുമുണ്ട്. പത്ത് ഡിസ്റ്റിലറിയിൽ ഏഴും ആരംഭിച്ചത് യു.ഡി.എഫ് ഭരണകാലത്താണ്. അന്ന് ടെൻഡ വിളിച്ചല്ല അനുമതി നൽകിയത്. 1999ലെ സർക്കാർ ബ്രൂവറിക്ക് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചത് അന്നത്തെ അപേക്ഷകളുടെ കാര്യത്തിൽ മാത്രമാണ്. അത് നയമായിരുന്നില്ല. അതുകൊണ്ടാണ് അതിനുശേഷം യു.ഡി.എഫ്.സർക്കാരുകൾ ബ്രൂവറിക്കും ഡിസ്റ്റലറിക്കുമെല്ലാം അനുമതി നൽകിയത്.
ബ്രൂവറിക്ക് ടെൻഡർ വേണ്ട
സംസ്ഥാനം അംഗീകരിച്ച മദ്യനയത്തിന് അനുസൃതമായാണ് ബ്രൂവറിക്കുള്ള അനുമതി. നിലവിലെ നിയമം അനുസരിച്ച് യോഗ്യതയുള്ളവർക്ക് ലൈസൻസ് അനുവദിക്കാം. അതിന് ടെൻഡർ ഇല്ലെന്ന് മദ്യനയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായം തുടങ്ങാൻ നിക്ഷേപകർ വരുമ്പോൾ ടെൻഡറെന്ന് പറയുന്നത് അപ്രസക്തമാണ്. ടാറ്റാഗ്രൂപ്പ് മോട്ടോർ കമ്പനി തുടങ്ങാൻ വരുമ്പോൾ നിൽക്ക്, ടെൻഡർ വിളിക്കട്ടെ എന്ന് പറയാൻ കഴിയുമോ? എണ്ണക്കമ്പനികൾക്കുള്ള എത്തനോൾ നിർമ്മാണത്തിന് സുതാര്യമായ നടപടികളിലൂടെ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഏകകമ്പനിയാണ് ഒയാസിസ്.
പ്രാഥമിക ബ്രൂവറിക്കുള്ള അനുമതിയാണ് നൽകിയത്. അതിന് പഞ്ചായത്തിന്റെ അനുമതി വേണ്ട. അതേസമയം അന്തിമാനുമതി നൽകുന്നത് ഈസ് ഓഫ് ഡുയിംഗ് ബിസിനസ് സിംഗിൾ വിൻഡോ സിസ്റ്റംവഴിയാകും. ഈ ബോർഡിൽ പഞ്ചായത്തിന്റെ പ്രതിനിധിയും അംഗമാണ്.
വ്യവസായത്തിന് വെള്ളം പാപമല്ല
തുടക്കത്തിൽ പ്രതിദിനം അരലക്ഷം ലിറ്ററും പിന്നീട് 5ലക്ഷം ലിറ്ററും വെള്ളമാണ് വേണ്ടിവരിക
ജലഅതോറിറ്റി കിൻഫ്രാ ലൈൻ വഴിയും മഴ സംഭരണിയിൽ നിന്നും ജലം കണ്ടെത്തും
നിലവിൽ കിൻഫ്ര പ്രതിദിനം എട്ടുലക്ഷം ലിറ്റർ വെള്ളം വ്യവസായാവശ്യത്തിന് എത്തിക്കുന്നുണ്ട്
കുടിവെള്ളവും ജലസേചനവും ഉറപ്പാക്കി വ്യവസായത്തിനും വെള്ളം കൊടുക്കാം. അത് മഹാപാപമല്ല
കിൻഫ്രയിലേക്കുള്ള ലൈനിന് അംഗീകാരം കൊടുത്തത് 2011-16ലെ യു.ഡി.എഫ് സർക്കാരായിരുന്നു
Source link