KERALAM

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു; നൂറ് മീറ്ററോളം വലിച്ചിഴച്ചു, മന്ത്രിയെ തടഞ്ഞുവച്ച് നാട്ടുകാർ

മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താത്ക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ രാധയാണ് മരിച്ചത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപം രാവിലെ പത്ത് മണിക്ക് ശേഷമാണ്‌ സംഭവമെന്നാണ് റിപ്പോർട്ടുകൾ. വനത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് കടുവയുടെ ആക്രമണമുണ്ടായത്.


രാധ കാപ്പി പറിക്കാൻ പോയതായിരുന്നു. അച്ചപ്പനാണ് ബൈക്കിൽ രാധയെ കാപ്പിത്തോട്ടത്തിനടുത്ത് കൊണ്ടുവിട്ടത്. കാപ്പി പറിക്കുന്നതിനിടയിലാണ് രാധയെ കടുവ ആക്രമിച്ചത്. നൂറ് മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. മൃതദേഹം പാതിഭക്ഷിച്ച നിലയിലാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

മന്ത്രി ഒ ആർ കേളു സംഭവസ്ഥലത്തെത്തി. മന്ത്രിയെ നാട്ടുകാർ തടഞ്ഞുവച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊന്നും പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതിനാൽത്തന്നെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് സംഭവമുണ്ടായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ പ്രതികരിച്ചു.

പുൽപ്പള്ളി അമരക്കുനി മേഖലയിൽ ദിവസങ്ങളോളം വിറപ്പിച്ച കടുവ കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. എട്ട് വയസോളം പ്രായമുള്ള പെൺ കടുവയാണ് തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. കൈക്കടക്കം പരിക്കേറ്റ നിലയിലായിരുന്നു കടുവ.

ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പത്ത് ദിവസത്തിനുശഷമാണ് കൂട്ടിലായത്. എല്ലാ ദിവസവും രാത്രി വൈകിവരെ കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. ആദ്യം അമരക്കുനിയിൽ നിന്നായിരുന്നു കടുവ ആടിനെ പിടികൂടിയത്. പിന്നീട് ഇടവിട്ടുള്ള ദിവസങ്ങളിൽ അഞ്ച് ആടുകളെ ഈ പ്രദേശത്തോട്‌ ചേർന്ന സ്ഥലങ്ങളിൽ നിന്നും കടുവ പിടികൂടിയിരുന്നു. ഓരോ ദിവസവും വനംവകുപ്പ് കൂടും ക്യാമറകളും മാറ്റി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തൂപ്രയിലെ കൂട്ടിൽ കുടുങ്ങുകയായിരുന്നു.


Source link

Related Articles

Back to top button