CINEMA

കഴിഞ്ഞ രണ്ട് ശങ്കര്‍ പടങ്ങളുടെ ആകെ ബജറ്റ് 750 കോടി; നഷ്ടം മാത്രം 450 കോടി


ഇന്ത്യൻ 2 സിനിമയുടെ ബജറ്റ് 300 കോടി, ഗെയിം ചെയ്ഞ്ചറിന്റെ ബജറ്റ് 450 കോടി. ഈ രണ്ട് സിനിമകൾക്കും കൂടെ ആകെ ലഭിച്ച ബിസിനസ്സ് 300 കോടിക്കടുത്ത്. നഷ്ടം ഏതാണ് 450 കോടിക്കടുത്ത് വരും. കലാത്മകതയുടെ മാനദണ്ഡങ്ങളാല്‍ പരിശോധിക്കുമ്പോള്‍ ശങ്കര്‍ ഒരു സമുന്നതനായ ചലച്ചിത്രകാരനൊന്നുമായിരുന്നില്ല മുന്‍പും. എന്നാല്‍  ഇന്ത്യന്‍ വാണിജ്യ സിനിമ കണ്ട ഏറ്റവും വലിയ ഷോമാന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ജന്റില്‍മാന്‍, കാതലന്‍, ഇന്ത്യന്‍, അന്ന്യന്‍, എന്തിരന്‍…എന്നിങ്ങനെ ദൃശ്യാത്മകതയുടെ സാധ്യതകള്‍ പരമാവധി വിനിയോഗിച്ചു കൊണ്ട് വാണിജ്യമൂല്യമുളള സിനിമകള്‍ എങ്ങനെ ഒരുക്കാം എന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമായിരുന്നു ശങ്കര്‍ സിനിമകള്‍. തനി തട്ടുപൊളിപ്പന്‍ ഫോര്‍മുലാ ചിത്രങ്ങളുടെ സ്ഥിരം പാറ്റേണ്‍ വിട്ട് സുഘടിതമായ തിരക്കഥയുടെ പിന്‍ബലവും സാമൂഹ്യപ്രശ്‌നങ്ങളിലൂന്നിയുളള വിഷയസ്വീകരണവും ശങ്കര്‍ സിനിമകളെ വേറിട്ടതാക്കി. കാഴ്ചയുടെ ഉത്സവത്തിനൊപ്പം സിനിമയുടെ ഇമോഷനല്‍ ട്രാവല്‍ ആ സിനിമകളില്‍ പലതിനെയും ഹൃദയത്തോട് അടുപ്പിച്ചു. മനസ്സിനെ സ്പര്‍ശിക്കുന്ന സിനിമകള്‍ കൂടിയായിരുന്നു ജന്റില്‍മാനും ഇന്ത്യനും മറ്റും.
അങ്ങനെ പല വിതാനങ്ങളിലേക്ക് ഉയരുന്ന സിനിമകളുടെ ശില്‍പ്പി എന്ന നിലയില്‍ കസറിയ ശങ്കര്‍ വലിയ താരോദയങ്ങള്‍ക്ക് നിമിത്തമാവുക വഴി കിങ്മേക്കര്‍ പദവിയിലേക്കും ഉയര്‍ന്നു. കൊറിയോഗ്രാഫറായിരുന്ന പ്രഭുദേവയെ നായകനാക്കി മെഗാഹിറ്റ് സൃഷ്ടിച്ച ശങ്കര്‍ ചെറിയ താരമായിരുന്ന അര്‍ജുന്‍ സാഷയുടെ താരപദവി ഗണ്യമായി ഉയര്‍ത്തി ജന്റില്‍മാനിലൂടെ. കമല്‍ഹാസന്‍ എന്ന നടനെ അതുവരെ ആരും സങ്കല്‍പ്പിക്കാത്ത തലത്തില്‍ അവതരിപ്പിച്ച സിനിമയായിരുന്നു ഇന്ത്യന്‍. വിരുദ്ധദിശയില്‍ നില്‍ക്കുന്ന അച്ഛന്‍-മകന്‍ കഥാപാത്രങ്ങളിലൂടെ കമലിന്റെ അഭിനയശേഷി പൂര്‍ണമായി തന്നെ ചൂഴ്‌ന്നെടുത്ത പടമായിരുന്നു അത്. 

കലക്‌ഷന്‍ ഹിസ്റ്ററി പരിശോധിച്ചാല്‍ തമിഴ് സിനിമകള്‍ക്ക് മുന്‍കാലങ്ങളില്‍ അചിന്ത്യമായ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ച ഷങ്കര്‍ പ്രാദേശിക ഭാഷാ സിനിമയ്ക്ക് ോബല്‍ മുഖം സമ്മാനിച്ച ഫിലിം മേക്കര്‍ കൂടിയാണ്. ഇങ്ങനെ പല തലങ്ങളില്‍ തിളങ്ങി നിന്ന അദ്ദേഹത്തിന്റെ പടിയിറക്കം സംഭവിച്ചത് പൊടുന്നനെയാണ്. ഇതൊരു ശാശ്വതമായ വീഴ്ചയായി കരുതാനാവില്ല. മികച്ച തിരക്കഥകള്‍ ലഭിച്ചാല്‍ ഇനിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള ശേഷി അദ്ദേഹത്തിനുണ്ട്. സുജാതയെ പോലെ ഉന്നതനായ ഒരു എഴുത്തുകാരന്റെ പിന്‍ബലം ശങ്കര്‍ സിനിമയുടെ നട്ടെല്ലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ശങ്കറിനെ ശരിക്കും ബാധിച്ചു എന്നതാണ് വാസ്തവം. എന്നാല്‍ ലഭ്യമായ തിരക്കഥാകൃത്തുക്കളെ കൊണ്ട് കരുത്തുറ്റ തിരക്കഥകള്‍ രൂപപ്പെടുത്തുക എന്ന ദൗത്യം നിര്‍വഹിക്കുന്നതില്‍ ഷങ്കര്‍ പരാജയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് സെന്‍സിനെ പോലും സംശയത്തോടെ കാണേണ്ടി വന്ന സിനിമയാണ് ഇന്ത്യന്‍ 2.

അടിസ്ഥാന വിഷയം ഇതൊന്നുമല്ല. ഒരിക്കല്‍ മുതല്‍മുടക്കിന്റെ പത്തിരട്ടി കലക്‌ഷന്‍ സൃഷ്ടിച്ച് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ഷങ്കറിന്റെ സമീപകാല സിനിമകള്‍ വന്‍ബജറ്റുണ്ടായിട്ടും അതിന്റെ നാലിലൊന്ന് പോലും തിരിച്ചുപിടിക്കാനാവാതെ മൂക്കും കുത്തി വീഴുകയാണ്. വലിയ താരങ്ങളും വിഷ്വല്‍ ഗിമ്മിക്കുകളും കോടികള്‍ വാരിവലിച്ചെറിഞ്ഞ് നടത്തിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമൊന്നും സിനിമകളൂടെ സഹായത്തിനെത്തിയില്ല. അടിസ്ഥാനപരമായി മികച്ച തിരക്കഥയും പ്രേക്ഷകനെ പരിപൂര്‍ണമായി തന്നെ എന്‍ഗജ്ഡാക്കുന്ന ട്രീറ്റ്‌മെന്റുമാണ് ഏതൊരു സിനിമയുടെയും മര്‍മ പ്രധാനമായ ഘടകം എന്ന വാസ്തവം ശങ്കര്‍ മറന്നു പോയതു പോലെ അനുഭവപ്പെടുന്നു. ഇന്ത്യന്‍ 2 വിന്റെ അവസ്ഥ തന്നെ നോക്കാം. 

തരിപ്പണമായ ഇന്ത്യന്‍ 2
വെളുപ്പിന് ആറ് മണിക്ക് ഉറക്കമിളച്ചിരുന്ന് ഇന്ത്യന്‍ 2 വിന്റെ ആദ്യഷോ കാണുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നതായിരുന്നു. അത്രമേല്‍ വിശ്വസിക്കാവുന്ന ഒരു ബ്രാന്‍ഡായിരുന്നു ശങ്കര്‍.  അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സിനിമയായിരുന്നു 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഇന്ത്യന്‍. എവര്‍ഗ്രീന്‍ ഹിറ്റായ ആ സിനിമ ഇന്ന് കണ്ടാലും പുതുമ മാറാത്ത ഒരു ദൃശ്യാനുഭവമാണ്. ആ സിനിമ നല്‍കിയ സവിശേഷമായ അനുഭവത്തിന്റെ ലഹരിയിലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ തിയറ്ററിലേക്ക് മാര്‍ച്ച് ചെയ്തത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കടുത്ത നിരാശയിലാഴ്ന്ന ശങ്കര്‍ ആരാധകരും ഉലകനായകന്‍ കമലഹാസന്‍ ഫാന്‍സും ഒരുപോലെ സിനിമയെ തളളിപ്പറയുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുളള ചിത്രം ഉടനീളം കനത്ത ലാഗാണെന്നും യാതൊരു വിധത്തിലും രസകരമായ അനുഭവം സമ്മാനിക്കാന്‍ സിനിമയ്ക്ക് കഴിയുന്നില്ലെന്നും അവര്‍ പറയുന്നു.

ദൃശ്യസമ്പന്നത കൊണ്ടും താരബാഹുല്യം കൊണ്ടും മാത്രം സിനിമയെ രക്ഷിച്ചെടുക്കാനാവില്ലെന്നതിന്റെ എക്കാലത്തെയും വലിയ ഉദാഹരണമാണ് ഇന്ത്യന്‍ 2.പ്രേക്ഷകനെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകവും ഈ സിനിമയില്‍ ഇല്ല. അടിസ്ഥാനപരമായ ഒരു കഥയോ മികച്ച കഥാസന്ദര്‍ഭങ്ങളോ മുഹൂര്‍ത്തങ്ങളോ കാച്ചിക്കുറുക്കിയ കുറിക്കു കൊളളുന്ന സംഭാഷണങ്ങളോ ഇല്ല. ഒരു മികച്ച സിനിമയുടെ നിര്‍മിതിക്ക് ലക്ഷണമൊത്ത തിരക്കഥ എങ്ങനെ പിന്‍ബലമാവുന്നു എന്നറിയാന്‍ മറ്റ് റഫറന്‍സുകള്‍ ആവശ്യമില്ല. സുജാത രചന നിര്‍വഹിച്ച് ശങ്കര്‍ സംവിധാനം ചെയ്ത നാല് സിനിമകള്‍ മാത്രം പരിശോധിച്ചാല്‍ മതി. ജന്റില്‍മാന്‍, ഇന്ത്യന്‍, അന്ന്യന്‍, മുതല്‍വന്‍…
മാരകമായ വീഴ്ചയാണ് ഇന്ത്യന്‍ 2 ഓടെ ശങ്കറിന്റെ കരിയറില്‍ സംഭവിച്ചിരിക്കുന്നത്. വികലമായി സ്വയം അനുകരിക്കുന്ന ഒരു സംവിധായകനെ ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു. തിരക്കഥയെക്കുറിച്ചും സിനിമയുടെ ആകത്തുകയെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് നമ്മള്‍ കരുതിയ സമുന്നത ധാരണകള്‍ ശരിയായിരുന്നുവോ എന്ന് പോലും സംശയിക്കാന്‍ പ്രേരിപ്പിക്കുന്നു ഇന്ത്യന്‍ 2.
ഗെയിം ചെയ്ഞ്ചര്‍ക്ക് ഇത് എന്ത് പറ്റി?
2024 സമ്മാനിച്ച മാരകമായ പരാജയത്തിന്റെ ആഘാതം വിട്ടൊഴിയുന്നതിന് പിന്നാലെ 2025ന്റെ തുടക്കത്തില്‍ അദ്ദേഹം ഒരുക്കിയ കന്നി തെലുങ്ക് ചിത്രം ഗെയിം ചെയ്ഞ്ചറും സമാനമയ വീഴ്ചയുടെ പാതയിലാണ്. 2021ല്‍ അനൗണ്‍സ് ചെയ്ത പടം 4 വര്‍ഷത്തെ ചിത്രീകരണത്തിനു ശേഷമാണ് റിലീസ് ചെയ്തത്. ജപ്പാന്‍, ചൈന, മലേഷ്യ, കംബോഡിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ ഏകദേശം 500 കോടി ബജറ്റിലാണ് പുര്‍ത്തിയായത്. ഇതുവരെയുളള കലക്‌ഷനാവട്ടെ 125 കോടിയും. തെലുങ്കിലെ മുന്‍നിര നായകനായ രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തിയിട്ടും കാര്‍ത്തിക് സുബ്ബരാജിനെ പോലെ ന്യൂവേവ് സിനിമയുടെ നെടും തൂണായ ഒരു സംവിധായകന്റെ കഥയുടെ പിന്‍ബലമുണ്ടായിട്ടും തിരുവിനെ പോലെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രഹകരില്‍ ഒരാള്‍ കൂടെയുണ്ടായിട്ടും മാര്‍ക്കോയിലുടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച എഡിറ്റര്‍ ഷമീര്‍മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിച്ചിട്ടും സിനിമ രക്ഷപ്പെട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ശങ്കറിന് തന്നെയാണ്. 

ശങ്കർ, കിയാര അഡ്വാനി, രാം ചരൺ

ആകെത്തുക പരിശോധിക്കുമ്പോള്‍ പ്രകടമാകുന്ന ദൗര്‍ബല്യവും ആവര്‍ത്തന വിരസമായ കഥാതന്തുവും കഥാസന്ദര്‍ഭങ്ങളും ആസ്വാദനക്ഷമമല്ലാത്ത രംഗങ്ങളുമെല്ലാം പ്രേക്ഷകനെ സിനിമയില്‍ നിന്ന് അകറ്റുന്നു. അതുകൊണ്ട് തന്നെ വിചാരിച്ചതിലും വന്‍വീഴ്ചയാണ് സിനിമ നേരിട്ടത്. ഇന്ത്യന്‍ 2 വിന്റെ അവസ്ഥയും ഏറെക്കുറെ സമാനമാണ്. 300 കോടിയില്‍ തീര്‍ത്ത പടം ആഗോളവിപണിയില്‍ നിന്ന് ആകെ കളക്ട് ചെയ്തത് 147 കോടി മാത്രമാണ്.
ഗാനരംഗങ്ങള്‍ക്കായി മാത്രം 75 കോടി ചിലവിട്ട ഗെയിം ചെയ്ഞ്ചര്‍ സമീപകാലത്ത് ദയനീയമായ പരാജയം ഏറ്റുവാങ്ങിയ പടമാണ്. ലോകമെമ്പാടുമായി 8000 ത്തിലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സമര്‍ഥമായ വിപണന തന്ത്രങ്ങളുടെ മികവില്‍ ആദ്യദിനം തന്നെ പടം 76 കോടിയില്‍ പരം കലക്‌ഷന്‍ നേടി. എന്നാല്‍ പിന്നീടുളള ദിവസങ്ങളില്‍ മോശം അഭിപ്രായം മൂലം സിനിമ താഴേക്ക് പോകുന്ന അവസ്ഥയാണ് കാണുന്നത്. നാളിതുവരെ ചിത്രം ആകെ നേടിയത് നിര്‍മാണച്ചിലവിന്റെ നാലിലൊന്ന് മാത്രമാണെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കില്‍ പരാജയം സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്. 
തന്റെ മുന്‍കാല സിനിമകള്‍ പോലെ തന്നെ കടുത്ത സാമൂഹ്യപ്രതിബദ്ധതയുളള ഇതിവൃത്തം തന്നെയാണ് ഷങ്കര്‍ ഈ സിനിമയ്ക്കായി തിരഞ്ഞെടുത്തിട്ടുളളത്.അഴിമതിക്കാരായ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നിര്‍ഭയം പോരാടുന്ന സത്യസന്ധനായ പൊലീസ് ഓഫിസറുടെ ധീരവും സാഹസികവുമായ കഥ പറയുന്നു ഗെയിം ചെയ്ഞ്ചര്‍. പ്രേക്ഷകരില്‍ നിന്നും തണുത്ത പ്രതികരണം നേരിടുമ്പോഴും ആമസോണ്‍ പ്രൈം 105 കോടി എന്ന പൊന്നിന്‍വില നല്‍കി ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് മാത്രമാണ് ആശ്വാസം നല്‍കുന്ന ഏകഘടകം.


Source link

Related Articles

Back to top button