ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ ചോദ്യം ചെയ്തു

കൽപ്പറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയൻ, മകൻ ജിജേഷ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുൽത്താൻബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പുത്തൂർവയൽ ജില്ലാപോലീസ് ഹെഡ് ക്വാർട്ടർ ക്യാമ്പിൽ വച്ചുള്ള ചോദ്യം ചെയ്യൽ 4 മണിക്കൂർ നീണ്ടുനിന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള. ചോദ്യം ചെയ്യൽ ഇന്നും തുടരും.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഐ.സി ബാലകൃഷ്ണൻ എത്തിയത്. എൻ.എം വിജയൻ കെ.പി.സി.സി പ്രസിഡന്റിനും, മക്കൾക്കും എഴുതിയ കത്തുകളിലെ പരാമർശത്തെക്കുറിച്ചാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്. നിയമനത്തിന് നൽകിയതായി പറയുന്ന ശുപാർശക്കത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ,മുൻ ട്രഷറർ കെ.കെ ഗോപിനാഥൻ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവർ രണ്ടു പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എയേയും കേസിൽ അറസ്റ്റ് ചെയ്തേക്കും. അറസ്റ്റ് ചെയ്താൽ ഉടൻതന്നെ ജാമ്യം നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.ഇതിനിടെ പുതിയൊരു പരാതിയും കേസിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്.നെന്മേനി കോളിയാടി സ്വദേശി താമരച്ചാലിൽ ഐസക്കാണ് പരാതി നൽകിയത്. സെൻട്രൽ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ പണം വാങ്ങിയെന്നാണ് ആരോപണം. ഈ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.
അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും,,താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
Source link