‘സെയ്ഫ് നടക്കുമ്പോൾ നൃത്തം ചെയ്യുന്നു; കുത്തേറ്റോയെന്ന് സംശയം’: ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി

‘സെയ്ഫ് ‘നടക്കുമ്പോൾ നൃത്തം ചെയ്യുന്നു’; കുത്തേറ്റോയെന്ന് സംശയം’: ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി | മനോരമ ഓൺലൈൻ ന്യൂസ് – Saif Ali Khan Stabbing: Maharashtra Minister Casts Doubt on Bollywood Star’s Injuries | Saif Ali Khan | Maharashtra Minister | Robbery | Ajit Pawar | സെയ്ഫ് അലി ഖാൻ | Latest Mumbai News Malayalam | Malayala Manorama Online News
‘സെയ്ഫ് നടക്കുമ്പോൾ നൃത്തം ചെയ്യുന്നു; കുത്തേറ്റോയെന്ന് സംശയം’: ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി
ഓൺലൈൻ ഡെസ്ക്
Published: January 23 , 2025 06:26 PM IST
Updated: January 23, 2025 06:32 PM IST
1 minute Read
സെയ്ഫ് അലി ഖാൻ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോവുന്നതിന്റെ ദൃശ്യം (ഇടത്)
മുംബൈ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ നേർക്കുണ്ടായ കത്തിയാക്രമണത്തിൽ സംശയം പ്രകടിപ്പിച്ചു മഹാരാഷ്ട്ര മന്ത്രി. ആറ് കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സെയ്ഫ് ഡിസ്‌ചാർജ് ആയി മടങ്ങിയ ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പലരും സമാനമായ സംശയം ഉന്നയിച്ചിരുന്നു. സെയ്ഫിന്റെ നട്ടെല്ലിനു വളരെയടുത്തുവരെ കുത്തേറ്റിരുന്നുവെന്നായിരുന്നു വാർത്തകൾ. ഇത്രയും ഗുരുതരമായി പരുക്കേറ്റയാൾ എങ്ങനെ ഇതുപോലെ നടക്കുമെന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. ഇതേ സംശയമാണ് തുറമുഖ വകുപ്പ് മന്ത്രി നിതേഷ് റാണ ഉന്നയിച്ചിരിക്കുന്നതും. അതേസമയം, സെയ്ഫിനെപ്പോലെ ആരോഗ്യവാനായവർക്കു വളരെപ്പെട്ടെന്ന് രോഗമുക്തിയുണ്ടാകുമെന്ന വാദവും ഉയരുന്നു.
മോശം പരാമർശങ്ങളുപയോഗിച്ചാണു സെയ്ഫ് അലി ഖാനെ റാണ വിശേഷിപ്പിച്ചത്. ‘മാലിന്യം’ എന്നു സെയ്ഫിനെ വിളിച്ച റാണ സെയ്ഫിനു കുത്തേറ്റോ എന്നു സംശയമുണ്ടെന്നും അഭിനയിക്കുകയാണോയെന്നും ചോദിച്ചു. ‘‘മുംബൈയിൽ ബംഗ്ലദേശികൾ എന്താണു ചെയ്യുന്നത്. അവർ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി, നേരത്തേ അവർ റോഡ് ക്രോസിങ്ങുകളിലൊക്കെ നിൽക്കുകയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴവർ വീടുകളിൽ കയറിത്തുടങ്ങി. ചിലപ്പോഴവർ സെയ്ഫിനെ തട്ടിക്കൊണ്ടുപോകാൻ വന്നതായിരിക്കും. അതു നല്ലതാണ്. മാലിന്യം കൊണ്ടുപോകുക തന്നെ വേണം. ആശുപത്രിയിൽനിന്നു പുറത്തേക്കു വന്നത് ഞാൻ കണ്ടു. കുത്തേറ്റോയെന്നു സംശയമുണ്ട്. അതോ അയാൾ അഭിനയിക്കുകയാണോ? നടക്കുമ്പോൾ അയാൾ നൃത്തം ചെയ്യുകയാണ്.’’ – റാണെ പറഞ്ഞു.
അധിക്ഷേപ പരാമർശം അവിടംകൊണ്ടും അവസാനിപ്പിക്കാൻ റാണ തയാറായിരുന്നില്ല. എൻസിപി നേതാക്കളായ ജിതേന്ദ്ര അവ്‌ഹാദ്, സുപ്രിയ സുലെ എന്നിവരെയും റാണ വിമർശിച്ചു. ‘‘ഏതെങ്കിലും ഖാൻ അപകടത്തിൽപ്പെട്ടാൽ അതു ഷാരൂഖ് ഖാനോ സെയ്ഫ് അലി ഖാനോ ആയിക്കോട്ടെ, എല്ലാവരും അവരെക്കുറിച്ചു സംസാരിക്കും. ഒരു ഹിന്ദു നടനായ സുശാന്ത് സിങ് രാജ്പുത് പീഡിപ്പിക്കപ്പെട്ടപ്പോൾ ആരും ഒന്നും പറഞ്ഞു രംഗത്തുവന്നില്ല. ഏതെങ്കിലും ഹിന്ദു ആർട്ടിസ്റ്റിനെക്കുറിച്ച് ഇവർ ആശങ്കപ്പെട്ടു കണ്ടോ?’’ – റാണെ പറഞ്ഞു. മുൻ കോൺഗ്രസുകാരനും ഇപ്പോൾ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നയാളുമായ സഞ്ജയ് നിരുപമും ഇതേ അഭിപ്രായം പങ്കുവച്ചു. ‘‘സെയ്ഫ് പുറത്തേക്കു വരുന്നതു കാണുമ്പോൾ ആറു ദിവസങ്ങൾക്കുമുൻപ് ഒന്നും സംഭവിച്ചില്ലെന്നു തോന്നും’’ – നിരുപം പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രി അജിത് പവാർ ഈ അഭിപ്രായപ്രകടനം തള്ളി. റാണ പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും മനസ്സിലെന്തെങ്കിലുമുണ്ടെങ്കിൽ ആഭ്യന്തരവകുപ്പിനോടു പറയാനുമായിരുന്നു അജിത് പവാറിന്റെ നിലപാട്. ‘‘മുംബൈ പൊലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിലാണ്. മുഖ്യമന്ത്രിയാണ് അതു നോക്കുന്നത്. കുറ്റവാളിയെ അറസ്റ്റ് ചെയ്തു. അയാൾ ബംഗ്ലദേശുകാരനാണ്. എല്ലാവർക്കും മുംബൈയോട് ആകർഷണം ഉണ്ടാകും. തിരിച്ചുപോകാനായി കാശിനായി കയറിയതായിരിക്കണം. ഇന്നലെ സെയ്ഫിനെ കണ്ടപ്പോൾ അദ്ദേഹത്തിന് ആക്രമണം നേരിട്ടോയെന്ന സംശയം ഉണ്ടായിരിക്കാം. എന്നാൽ സംഭവിച്ചത് ശരിയാണ്’’ – അജിത് പവാർ പറഞ്ഞു.
English Summary:
Saif Ali Khan Stabbing: Maharashtra minister Nitin Raut questioned the incident’s authenticity, while Deputy Chief Minister Ajit Pawar confirmed the attack and arrest of the assailant.
2sa3n83j9o81tfgprlfgh2ubbg 5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-saifalikhan 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-news-world-countries-india-indianews mo-news-common-mumbainews
Source link