കായിക മേളയിൽ സ്കൂളുകളെ വിലക്കിയത് പിൻവലിക്കണം വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: പ്രതിഷേധിച്ചതിന്റെ പേരിൽ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിനെയും കോതമംഗംലം മാർബേസിൽ ഹയർ സെക്കൻഡറി സ്കൂളിനെയും സ്കൂൾ കായിക മേളയിൽനിന്ന് വിലക്കിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ
മന്ത്രി വി. ശിവൻകുട്ടിക്ക് കത്തു നൽകി.
ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തീരുമാനിക്കുന്നതു ഏകാധിപത്യവും ഫാഷിസവുമാണ്. എത്രയോ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും നേതൃത്വം നൽകിയ ആളാണ് പൊതുവിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നത്. വിദ്യാർത്ഥി സംഘടനയെ നയിച്ചും പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ പ്രതിഷേധിച്ചതിന്റെ പേരിൽ രണ്ട് സ്കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് സ്കൂളുകളെയും ഉൾപ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകരാണ്. കുട്ടികളുടെ ഭാവിയെ കരുതി തീരുമാനം പിൻവലിക്കണം.
ടെക്നിക്കൽ ഹൈസ്കൂൾ
ശാസ്ത്രമേള
സുൽത്താൻ ബത്തേരി: ആറാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയ്ക്ക് ഇന്ന് സുൽത്താൻ ബത്തേരി തിരുനെല്ലി ടെക്നിക്കൽ സ്കൂളിൽ തുടക്കം കുറിക്കും. ഇന്നും നാളെയുമായി നടക്കുന്ന ടെക്ഫെസ്റ്റിൽ സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്നും 9 ഐ.എച്ച്.ആർ.ഡി സ്കൂളുകളിൽ നിന്നുമായി 700 ശാസ്ത്ര പ്രതിഭകളാണ് 13 ഇനങ്ങളിലായി മത്സരിക്കുന്നത്. മൂന്ന് ഗ്രൂപ്പ് ഇന മത്സരവും പത്തെണ്ണം വ്യക്തിഗത മത്സരവുമാണ്. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു നിർവഹിക്കും.
ഡോ. എം.നന്ദനൻ അനുസ്മരണം ഇന്ന്
വർക്കല: ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ രൂപകല്പന ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന ശാസ്ത്രജ്ഞൻ ഡോ.എം.നന്ദനൻ അനുസ്മരണം ഇന്ന് രാവിലെ 8ന് പാളയംകുന്ന് വേങ്കോട് കുടുംബാങ്കണത്തിൽ നടക്കും. സുജാത ഗുരുദാസും അദ്ദേഹത്തിന്റെ ഭാര്യ സരളനന്ദനനും ചേർന്ന് ദീപപ്രകാശനം നിർവഹിക്കും. വാർഡ് മെമ്പർ എസ്. സരിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഇലകമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ ഉദ്ഘാടനം ചെയ്യും. മുൻ പ്രസിഡന്റ് അഡ്വ. ബി.ഷാലി,മുൻ മെമ്പർ വി.രാജേന്ദ്രൻ, സാംസ്കാരിക പ്രവർത്തകൻ ജി.സത്യശീലൻ,പ്രോഗ്രാം കൺവീനർ സുജിത് ശശിധരൻ തുടങ്ങിയവർ സംസാരിക്കും. ഡോ.ഇന്ദ്രബാബു സ്വാഗതവും ഡോ. നന്ദനന്റെ മകൾ ഡോ. സജിത നന്ദനൻ നന്ദിയും പറയും. വേങ്കോട് കൊച്ചുവീട്ടിൽ കുടുംബ യോഗത്തിന്റെയും ഡോ.നന്ദനൻ മെമ്മോറിയൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
Source link