KERALAM

സ്കൂളുകളിൽ കൗൺസലിംഗ് കാര്യക്ഷമമാക്കണം: വി.ഡി.സതീശൻ

തിരുവനന്തപുരം: പത്തനംതിട്ട പീഡനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ കൗൺസലിംഗ് കാര്യക്ഷമമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കായിക താരമായ ദളിത് പെൺകുട്ടിയെ അഞ്ചുവർഷത്തിനിടെ 62 പേർ പീഡനത്തിനിരയാക്കിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ കേസിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കാത്തവിധം പഴുതടച്ചുള്ള അന്വേഷണമാണ് വേണ്ടത്. ഇതിനായി വനിത ഐ.പി.സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തരമായി നിയമിക്കണം.

കുട്ടികളുടെ പ്രശ്നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അദ്ധ്യാപനം മാറണം. പി.ടി.എ യോഗങ്ങൾ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സാധാരണക്കാരായ കുട്ടികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ സർക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗൺസലിംഗിനൊപ്പം മൂന്നു മാസത്തിലൊരിക്കലെങ്കിലും മെഡിക്കൽ ക്യാമ്പുകളും ഉറപ്പാക്കണം.

അഞ്ച് വർഷത്തോളം പെൺകുട്ടി പീഡനത്തിനിരയായിട്ടും മാതാപിതാക്കളോ അദ്ധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങൾ ഉണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്.

നമ്മുടെ കുഞ്ഞുമക്കൾ വീടുകളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്കരണവും നടത്തണം. പത്തനംതിട്ടയിലെ കുട്ടിക്കുണ്ടായ ദുരനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തിയാലേ നമ്മുടെ സംവിധാനങ്ങളെല്ലാം ഫലപ്രദമാവൂ.


Source link

Related Articles

Back to top button