KERALAM

കവിത എന്നെക്കുറിച്ചാണെങ്കിൽ ഓടി രക്ഷപ്പെടും: വി.ഡി.സതീശൻ

ന്യൂഡൽഹി: വിദൂഷകൻമാരെ സൃഷ‌്ടിച്ച് സ്തുതിഗീതങ്ങൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം അനുകൂല സംഘടനയുടെ പരിപാടിയിൽ മുഖ്യമന്ത്രിയെ പുകഴ്‌ത്തിയുള്ള കവിത അവതരിപ്പിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആ കവിത തന്നെക്കുറിച്ചായിരുന്നു എങ്കിൽ ഓടി രക്ഷപ്പെട്ടേനെ എന്നും സതീശൻ പരിഹസിച്ചു.

രാജഭരണ കാലത്ത് മന്നവേന്ദ്രാ വിളങ്ങുന്നു നിൻ മുഖം ചന്ദ്രനെ പോലെ എന്നു പാടിയ വിദൂഷകരെ പോലെ പിണറായിയുടെ ഭരണകാലത്തും ചിലർ വേഷം കെട്ടി ആടുന്നു. കവിത ഉണ്ടാക്കിയവന്റെ ഉദ്ദേശ്യം എന്താണെന്ന് മനസിലാക്കുന്നില്ല. ജനവിരുദ്ധനായ മുഖ്യമന്ത്രിയെ പുകഴ്‌ത്തി കവിത എഴുതുന്നവർക്ക് നല്ല നമസ്‌ക്കാരം.

കാട്ടാന ആക്രമണം തുടർക്കഥയായ സാഹചര്യത്തിലാണ് ജനുവരി 27ന് കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ നിന്നു യു.ഡി.എഫ് മലയോര സമര ജാഥ സംഘടിപ്പിക്കുന്നതെന്ന് സതീശൻ പറഞ്ഞു. വന്യജീവി അക്രമത്തിൽ നിസംഗസമീപനമാണ് വനംവകുപ്പ് മന്ത്രിയും വനംവകുപ്പും സ്വീകരിക്കുന്നത്. അതിനിടെയാണ് കൂനിൻമേൽ കുരു പോലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനം നിയമ ഭേദഗതിയുമായി വന്നത്. നിയമം പാസാക്കില്ലെന്ന് തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു. വന്യജീവി ആക്രമണം, കാർഷിക മേഖലയിലെ തകർച്ച, ബഫർ സോൺ തുടങ്ങിയ വിഷയങ്ങളാകും പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിൽ

ഉന്നയിക്കുക.

പെരിയ കൊലക്കേസ് പ്രതികൾക്ക് നിയമസഹായം നൽകുന്നതിനു വേണ്ടി പണപ്പിരിവ് നടത്തുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയും നീതിന്യായ വ്യവസ്ഥയെയുമാണ് സി.പി.എം വെല്ലുവിളിക്കുന്നത്. അഭിമന്യുവിന് വേണ്ടി പിരിച്ച പണത്തിന്റെ മൂന്നിലൊന്നു പോലും കുടുംബത്തിന് നൽകിയില്ല. ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതികളെ സ്വീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.


Source link

Related Articles

Back to top button