KERALAM

ക്രാബ് ഹൗസ് ചെയ്യുന്നത് വലിയ യജ്ഞം: കടകംപള്ളി

തിരുവനന്തപുരം: മരുന്നു കമ്പനികൾക്ക് വില നിശ്ചയ ചുമതല നൽകിയതോടെ ക്യാൻസർ മരുന്നുകളുടെ വില ആയിരം ഇരട്ടിവരെ ഉയർത്തിയെന്നും ഇത് പാവപ്പെട്ട രോഗികളുടെ ചികിത്സ മുടക്കുന്ന സ്ഥിതിയാക്കിയെന്നും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ആർ.സി.സിയിൽ ചികിത്സയ്ക്കും പരിശോധനകൾക്കുമായി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന നിർദ്ധന ക്യാൻസർ രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ക്യാൻസർ റമഡി അസിസ്റ്റൻസ് ബ്യൂറോയുടെ (ക്രാബ്) രജത ജൂബിലി ആഘോഷങ്ങളുടെയും പ്രോജക്ടിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് മെഡിക്കൽ കോളേജിൽ രണ്ടോ, നാലോ ക്യാൻസർ രോഗികളായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ ഇന്നത് ദിവസം 1200 മുതൽ 1500 വരെയാണ്. നിർദ്ധനർക്ക് നൽകുന്ന ഏത് സഹായവും വലിയ കാര്യമാണെന്നും ആ അർത്ഥത്തിൽ ക്രാബ് ഭാരവാഹികളായ ഡോ.കെ.സുധാകരനും സെക്രട്ടറി സജ്ജി കരുണാകരനും ചെയ്യുന്നത് വലിയ യജ്ഞമാണെന്നും കടകംപള്ളി പറഞ്ഞു.

അമേരിക്കയിൽ ക്യാൻസറിന് ഇന്ന് സർജറി ഇല്ലാതെ റോബോട്ടിക് ചികിത്സയനുസരിച്ച് ഗാമ റേഡിയേഷനിലൂടെ രോഗം ചികിത്സിച്ചു ഭേദമാക്കുന്ന സ്ഥിതിയിലെത്തിയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന അഡി. ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ പറഞ്ഞു. അതിനാൽ രോഗികൾക്ക് രണ്ടുമൂന്നു ദിവസത്തിനകം ചികിത്സിച്ച് പോകാനാകും. നമ്മുടെ രാജ്യത്തും അത്തരം നൂതന ചികിത്സാ രീതികൾ എത്രയും വേഗം എത്തണമെന്നും പറഞ്ഞു. കൈയടിയും ആദരവും അംഗീകാരവുമല്ല, മറിച്ച് സേവനം നൽകുന്ന സുഖം മറ്രൊന്നിനും നൽകാനാവില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാജിക് പ്ലാനറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഇന്ന് മനുഷ്യരുടെ മനസിനെ ബാധിച്ചു കൊണ്ടിരിക്കുന്ന ക്യാൻസർ വലിയ അപകടകാരിയാണെന്നും പറഞ്ഞു.

ക്രാബ് ഹൗസിന്റെ ഓണററി മെമ്പർഷിപ്പ് മുതുകാടിന് കടകംപള്ളി സുരേന്ദ്രൻ കൈമാറി. ക്യാൻസർ ബാധിതയായ രോഗികളുടെ ഡിഗ്രിക്ക് പഠിക്കുന്ന മക്കൾക്ക് നൽകുന്ന ധനസഹായം നെടുമങ്ങാട് സ്വദേശി സുലോചനയുടെ മകൾ സുചിത്രയ്ക്ക് കെ.ആർ.ജ്യോതിലാൽ നൽകി. ക്രാബ് പ്രസിഡന്റ് ഡോ.കെ.സുധാകരൻ അദ്ധ്യക്ഷനായി. കൗൺസിലർ എസ്.സുരേഷ് കുമാർ, ബി.ജി.സി ഗ്രൂപ്പ് സിംഗപ്പൂർ മാനേജിംഗ് ഡയറക്ടർ പ്രസാദ് വിശ്വംഭരൻ, റിട്ട.ജസ്റ്റിസ് ആർ.രാജേന്ദ്രബാബു, ഗവ.മെഡിക്കൽ കോളേജ് റിട്ട.പ്രിൻസിപ്പൽ ഷാജി പ്രഭാകരൻ,കെ.എ.യു റിട്ട.പ്രൊഫസർ സീമ മോഹൻദാസ്, ക്രാബ് സെക്രട്ടറി സജ്ജി കരുണാകരൻ, ക്രാബ് ട്രഷറർ ശ്യാംകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Source link

Related Articles

Back to top button