പി.പി.ഇ കിറ്റ്: സർക്കാർ വാങ്ങിയത് മൂന്നിരട്ടി വിലയിലെന്ന് സതീശൻ

തിരുവനന്തപുരം: കൊവിഡ് കാലത്ത് മറ്റ് കമ്പനികൾ പറഞ്ഞതിനേക്കാൾ മൂന്നിരട്ടി വില അധികം നൽകിയാണ് മഹാരാഷ്ട്ര കമ്പനിയിൽ നിന്ന് സർക്കാർ പി.പി.ഇ കിറ്റ് വാങ്ങിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇതിന്റെ തെളിവുകൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോർട്ട്. 450 രൂപയ്ക്കും 500 രൂപയ്ക്കും പി.പി.ഇ കിറ്റ് ലഭിക്കുന്ന സമയത്താണ് 1,550 രൂപ നൽകി മഹാരാഷ്ട്ര ആസ്ഥാനമായുള്ള സാൻ ഫാർമയിൽ നിന്നും വാങ്ങിയെന്നയിരുന്നു ആരോപണം. കിറ്റ് കിട്ടാതെ വന്നതിനാലാണ് അന്ന് വാങ്ങേണ്ടി വന്നതെന്നായിരുന്നു മുൻ ആരോഗ്യമന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്. എന്നാൽ 1,550 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങാൻ സർക്കാർ ഉത്തരവ് നൽകുന്നതിന്റെ തലേദിവസം അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കിൽ 25,000 പി.പി.ഇ കിറ്റുകൾ നൽകാമെന്ന് പറഞ്ഞിരുന്നു. അതിന്റെ കത്തും പ്രതിപക്ഷം പുറത്തുവിട്ടു. അവരുടെ കയ്യിൽ നിന്നും 550 രൂപയ്ക്ക് വാങ്ങാതെയാണ് മൂന്നിരിട്ടി വിലയ്ക്ക് വാങ്ങിയത്. ഇതിലൂടെ മുൻ ആരോഗ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. നിയമവിരുദ്ധമായി സാൻ ഫാർമയ്ക്ക് 100 ശതമാനം അഡ്വാൻസും നൽകി. 550 രൂപയ്ക്ക് നൽകിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോൾ 100 ശതമാനം പണവും നൽകിയ സാൻഫാർമ സപ്ളൈ വൈകിപ്പിച്ചു.കേരള മെഡിക്കൽ സർവീസസ് കോർപറേഷനെ (കെ.എം.എസ്സി.എൽ) അഴിമതിയുടെ കൂത്തരങ്ങാക്കി സർക്കാർ മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Source link