ജീവനക്കാർക്ക് പറഞ്ഞതിൽ അധികം നൽകും: ധനമന്ത്രി തടഞ്ഞത് ഒരു ലക്ഷം കോടിയുടെ ആനുകൂല്യമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും കൃത്യമായി നൽകുമെന്ന് മാത്രമല്ല, മുൻപ് പറഞ്ഞതിലധികവും നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഒരുലക്ഷം കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും കേരളം ഭരിച്ച ഒരു സർക്കാരും ജീവനക്കാർക്ക് ഇത്രയും പണം കൊടുക്കാതിരുന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
ജീവനക്കാരുടെ ഡി.എ കുടിശികയടക്കം തടയുന്നതിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവേയായിരുന്നു നിയമസഭയിലെ രൂക്ഷമായ വാദപ്രതിവാദം. ജീവനക്കാരോടും പെൻഷൻകാരോടുമുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ആറ് ഡി.എ കുടിശിക തടഞ്ഞതായും ഓരോരുത്തർക്കും 43,890 രൂപമുതൽ 3.19ലക്ഷം വരെ നഷ്ടമാണെന്നും അടിയന്തരപ്രമേയ നോട്ടീസവതരിപ്പിച്ച പി.സി.വിഷ്‌ണുനാഥ് കുറ്റപ്പെടുത്തി.
എൽ.ഡി.എഫ് സർക്കാരില്ലെങ്കിൽ ഒരാനുകൂല്യവും കിട്ടില്ലെന്ന് ത്രിപുരയിലും ബംഗാളിലും തസ്തികകളടക്കം വെട്ടിക്കുറയ്ക്കുന്നത് ചൂണ്ടിക്കാട്ടി ധനമന്ത്രി മറുപടി നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കോട്ടേ എന്ന നിലപാടല്ല സർക്കാരിന്. ഭരണത്തിലിരുന്നപ്പോൾ ജീവനക്കാരുടെ അവകാശങ്ങൾ ഹനിച്ച യു.ഡി.എഫ് ആട്ടിൻതോലിട്ട ചെന്നായയാണെന്നും ആരോപിച്ചു.
‘വെട്ടിക്കുറയ്ക്കില്ല’
ഡി.എ കുടിശിക തവണകളായി നൽകുമെന്നും വെട്ടിക്കുറയ്ക്കില്ലെന്നും ജീവനക്കാർക്ക് ആശങ്കവേണ്ടെന്നും ധനമന്ത്രി പറഞ്ഞു. 30ദിവസത്തെ ലീവ്സറണ്ടർ നൽകുന്ന ഏകസംസ്ഥാനമാണ് കേരളം. പെൻഷൻ പരിഷ്കരണ കുടിശിക നാലുഗഡുക്കളായി നൽകുമെന്നും വ്യക്തമാക്കി.
‘അപകടകരമായ നില’
ക്ഷാമബത്ത 35,000 കോടി, അഞ്ചുവർഷത്തെ ലീവ് സറണ്ടർ 24,500 കോടി, പേ റിവിഷൻ 5,500 കോടി എന്നിങ്ങനെ കുടിശികയുണ്ടെന്ന് വി.ഡി.സതീശൻ. ഇവയെല്ലാം എപ്പോൾ നൽകുമെന്ന് പറയുന്നില്ല. അടുത്ത ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കേണ്ട സമയം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ല. അപകടകരമായ നിലയിലേക്കാണ് പോകുന്നത്.
Source link