ചട്ടം ഭേദഗതി ചെയ്യാതെ വിജ്ഞാപനമിറക്കി; വെറ്ററിനറി സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ നിയമനം കോടതി കയറും

ടി.കെ.സുനിൽകുമാർ | Sunday 05 January, 2025 | 12:00 AM
കൊച്ചി: കേരള വെറ്ററിനറി സർവകലാശാലയിൽ 94 അസിസ്റ്റന്റ് പ്രൊഫസർ നിയമന വിജ്ഞാപനം കോടതി കയറുമെന്ന് ആശങ്ക. ഈ വിജ്ഞാപനത്തിൽ അദ്ധ്യാപക നിയമനത്തിന്റെ പ്രായപരിധി 40ൽ നിന്ന് 50 ആക്കിയിട്ടുണ്ട്. സർവകലാശാലാ ചട്ടം ഭേദഗതി ചെയ്യാതെയുള്ള വിജ്ഞാപനം സാധുവല്ലെന്നാണ് വാദം. ഒ.ബി.സിക്കാർക്ക് മൂന്നുവർഷത്തെ വയസിളവ് നൽകുന്ന വെറ്ററിനറി സർവകലാശാലയുടെ തന്നെ മുൻവിജ്ഞാപനങ്ങൾ ഹൈക്കോടതി അസാധുവാക്കിയിട്ടുള്ളതാണ്. ഇതേ നിയമപ്രശ്നത്തിലേക്ക് നയിക്കുന്നതാണ് പുതിയ നിയമന നടപടികളും. ചട്ടത്തിലെ പിഴവ് മൂലം വെറ്ററിനറി സർവകലാശാലയിൽ മാത്രമാണ് ഒ.ബി.സിക്കാർക്ക് അർഹമായ വയസിളവ് നൽകാത്തത്.
ഒന്നാം റാങ്ക് വാങ്ങി വയസിളവോടെ സർവകലാശാലയിൽ നിയമനം ലഭിച്ച അദ്ധ്യാപികയ്ക്ക് 2019ൽ ഹൈക്കോടതി വിധിയെ തുടർന്ന് ജോലി നഷ്ടമായിരുന്നു. പുതിയ വിജ്ഞാപന പ്രകാരം 50ന് മുകളിലുള്ളവർക്ക് നിയമനം നൽകിയാൽ 40 വയസിന് താഴെയുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാനാകും.
യു.ജി.സിയുടെ പുതിയ മാനദണ്ഡപ്രകാരമാണ് പ്രായപരിധി 50 ആക്കിയത്. അസി. പ്രൊഫസർ നിയമനത്തിൽ ഈ നിർദ്ദേശം നടപ്പാക്കണമെന്നും ഇതിനായി സർവ്വകലാശാലാ സ്റ്റാറ്റ്യൂട്ടുകളിൽ ഭേദഗതി വരുത്തണമെന്നും 2023 ഏപ്രിൽ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും ഉത്തരവും നൽകിയിട്ടുണ്ട്. വെറ്ററിനറി സർവകലാശാല സെനറ്റും സിൻഡിക്കേറ്റും ഭേദഗതി പാസാക്കിയിട്ടുണ്ടെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ പ്രാബല്യത്തിലായിട്ടില്ല. സർക്കാർ ഉത്തരവുള്ളതിനാൽ വിജ്ഞാപനം സാധുവാണെന്നാണ് സർവകലാശാല നിലപാട്.
• വയസിളവ് പണ്ടേ തലവേദന
2014ൽ വെറ്ററിനറി സർവകലാശാല രൂപീകരിച്ചതു മുതലുള്ള പ്രശ്നമാണ് ഒ.ബി.സിക്കാരുടെ പ്രായപരിധി ഇളവ്. സർവകലാശാല ആക്ടിൽ സംവരണവും പ്രായപരിധി ഇളവും ഉറപ്പുനൽകുന്നുണ്ടെങ്കിലും ചട്ടത്തിൽ (സ്റ്റാറ്റ്യൂട്ടിൽ) ഇക്കാര്യം പറയുന്നില്ല. ചട്ടം രൂപീകരിച്ചപ്പോൾ പറ്റിയ പിഴവ് പരിഹരിച്ചാൽ മതി. ഇതിനുള്ള ഉത്തരവ് പ്രോ വൈസ് ചാൻസലർ കൂടിയായ മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ട് നൽകിയെങ്കിലും നടപടിക്രമങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.
Source link