ഗ്രീഷ്‌മയ‌്ക്ക് വധശിക്ഷ വിധിച്ച ജഡ്‌ജിക്ക് പാലഭിഷേകം, അനുവദിക്കരുതെന്ന് പൊലീസിൽ പരാതി നൽകി അഭിഭാഷകൻ

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയ‌്ക്ക് വധശിക്ഷ വിധിച്ച ജഡ്‌ജിയുടെ ചിത്രത്തിൽ പാലഭിഷേകം നടത്താനുള്ള മെൻസ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പൊലീസിൽ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തുമെന്ന് പ്രചരിപ്പിക്കുന്ന ആഹ്ലാദ പ്രകടനം തികച്ചും നിയമവിരുദ്ധവും, സ്ത്രീവിരുദ്ധവും, നിയമാവഴ്ചയെ വെല്ലുവിളിക്കുന്നതും, കോടതികളിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതെയാക്കുന്നതുമായ പ്രവൃത്തിയാണെന്ന് ശ്രീജിത്ത് ചൂണ്ടിക്കാണിക്കുന്നു.
ലൈംഗിക അതിക്രമങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടുന്ന പുരഷന്മാരായ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോൾ പടക്കവും, പൂമാലകളുമായി പോയി അവരെ സ്വീകരിക്കുന്ന സംഘടനയാണ് AKMA. വാർത്തകളിൽ നിറയുക എന്നതല്ലാതെ നാളിതുവരെ യാതൊരു സംഭാവനയും സമൂഹത്തിനുവേണ്ടി ഈ സംഘടന ചെയ‌്തിട്ടില്ല. സ്ത്രീ – പുരുഷ ഭിന്നത സൃഷ്ടിക്കുക എന്നതും, കോടതികളെ പരോക്ഷമായി സ്വാധീനിക്കാൻ സാധ്യമായ കലാപങ്ങൾ സൃഷ്ടിക്കുക എന്നതുമാണ് ഈ സംഘടനയുടെ ഉദ്ദേശ്യമെന്ന് അഭിഭാഷകൻ തന്റെ പരാതിയിൽ ഉന്നയിക്കുന്നു.
പരാതിയുടെ പൂർണരൂപം-
ബഹു. SHO കണ്ടോൺമെന്റ് പോലീസ് സ്റ്റേഷൻ തിരുവനന്തപുരം
അഡ്വ. ശ്രീജിത്ത് പെരുമന
വിഷയം : നിയമാവഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് അന്യായമായി സംഘം ചേരാനും അതിലൂടെ സിറ്റിംഗ് അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ബാനറിൽ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനം നടത്താനും, മുൻ ഹൈക്കോടതി ജഡ്ജിക്കെതിരെ വിദ്വേഷ പ്രചരണം നടത്താനും ആഹ്വാനം ചെയ്തുകൊണ്ടുള്ള AKMA എന്ന സംഘടനയുടെ 22/01/2025 ലെ നീക്കം പൊതുജന താത്പര്യാർത്ഥം തടയണം എന്നഭ്യർത്ഥിച്ചുകൊണ്ടുള്ള പരാതി.
സൂചന : അഡീഷണൽ സിറ്റിംഗ് ജില്ലാ ജഡ്ജിക്ക് വേണ്ടി പാലഭിഷേകത്തിനും, മുൻ ഹൈക്കോടതി ജഡ്ജിക്കെതിരെ വിദ്വേഷ പ്രകാരണത്തിനും ആഹ്വാനം നൽകികൊണ്ട് 22/01/2025 ന് സെക്രട്ടറിയട്ടിനു മുന്നിൽ നടത്തുന്ന പരിപാടിയുടെ AKMA സംഘടന പുറത്തുവിട്ട നോട്ടീസിന്റെ പകർപ്പ്.
സർ,
പാറശാല ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വിധിയുടെ പശ്ചാത്തലത്തിൽ AKMA ( ആൾ കേരള മെൻസ് അസോസിയേഷൻ ) എന്ന സംഘടന 22/01/2025 ന് തിരുവനന്തപുരം സെക്രട്ടറിയട്ടിനു മുൻപിൽ നടത്തുമെന്ന് പ്രചരിപ്പിക്കുന്ന ആഹ്ലാദ പ്രകടനം തികച്ചും നിയമവിരുദ്ധവും, സ്ത്രീവിരുദ്ധവും, നിയമാവഴ്ചയെ വെല്ലുവിളിക്കുന്നതും, കോടതികളിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതെയാക്കുന്നതുമായ പ്രവൃത്തിയാണ്.
മേൽ സംഘടന സാമൂഹിക മാധ്യമങ്ങളിലൂടെ ഉൾപ്പെടെ പ്രചരിപ്പിക്കുന്ന നോട്ടീസിൽത്തന്നെ സിറ്റിംഗ് അഡീഷണൽ ശേഷൻസ് ജഡ്ജിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടും അദ്ദേഹത്തിന്റെ പാറശാല കേസിലെ വിധി ചൂണ്ടക്കിക്കാണിച്ചും ജഡ്ജിയുടെ ഫോട്ടോയിൽ പാലഭിഷേകം നടത്താനും, പടക്കം പൊട്ടിച്ചു ആഹ്ലാദം പങ്കിടാനും ആഹ്വാനം ചെയ്യുന്നതോടൊപ്പം മുൻ ഹൈക്കോടതി ജഡ്ജ് റിട്ടയർഡ് ജസ്റ്റിസ് കെ. കെമാൽ പാഷയ്ക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ നടത്തുമെന്നും, നടത്താൻ ആഹ്വാനം ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
ഏതൊരു പൗരനും ഭരണഘടനപരമായി പ്രതിഷേധിക്കാനും, സമരം ചെയ്യാനും, കോടതി വിധികളെ ക്രിയാത്മകമായി വിമർശിക്കാനും, ആഹ്ലാദിക്കാനുമെല്ലാം അവകാശമുണ്ടെങ്കിലും ഒരു സുപ്രധാന കൊലപാതക കേസിൽ വിധി പറഞ്ഞ വിചാരണ കോടതി ജഡ്ജിയുടെ കട്ട്ഔട്ട് പൊതുസ്ഥലത്ത് സ്ഥാപിച്ച് സംഘം ചേർന്ന് പാലഭിഷേകം നടത്തുകയും, പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്നതും, അതേ പരിപാടിയിൽ മുൻ ഹൈക്കോടതി ജഡ്ജിനെതിരെ വിദ്വേഷ പ്രചരണം നടത്താൻ ആഹ്വാനം ചെയ്യുന്നതും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും, സാമൂഹിക സമാധാനം ഇല്ലാതെയാക്കാനും, അഖണ്ഡതയും ഐക്യവും തടസ്സപ്പെടുത്താനും സമൂഹത്തിൽ ലിംഗത്തിന്റെ പേരിൽ പ്രത്യക്ഷത്തിൽ തന്നെ ഭിന്നത സൃഷ്ടിച്ച് ആശാന്തി പടർത്താനുമാണ് എന്നത് വ്യക്തമാണ്.
ലൈംഗിക അതിക്രമങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടുന്ന പുരഷന്മാരായ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോൾ പടക്കവും, പൂമാലകളുമായി പോയി അവരെ സ്വീകരിക്കുക വാർത്തകളിൽ നിറയുക എന്നതല്ലാതെ നാളിതുവരെ യാതൊരു സംഭാവനയും സമൂഹത്തിനുവേണ്ടി ചെയ്യാത്ത AKMA എന്ന സംഘടനയുടെ നാളത്തെ 22/01/2025 ന്, 11.30 നടക്കുന്ന നിയമവിരുദ്ധ ആഹ്വനങ്ങളുമായുള്ള സംഘം ചേരലിന്റെ മനപൂർവ്വമായ ഉദ്ദേശം ലിംഗപരമായ സ്ത്രീ – പുരുഷ ഭിന്നത സൃഷ്ടിക്കുക എന്നതും, കോടതികളെ പരോക്ഷമായി സ്വാധീനിക്കാൻ സാധ്യമായ കലാപങ്ങൾ സൃഷ്ടിക്കുക എന്നതുമാണ്.
സ്വാതന്ത്രമായി പ്രവൃത്തിക്കുന്ന ജുഡീഷ്യൽ സംവിധാനങ്ങളും, നിയമാവഴ്ചയും നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ഇനിയും ഫൈനാലിറ്റി വരാത്ത ഒരു കൊലപാതക കേസിന്റെ വിചാരണ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ വിധി പറഞ്ഞ ജഡ്ജിയുടെ ചിത്രവും വെച്ച് പാലഭിഷേകവും, കരിമരുന്നു പ്രയോഗവും നടത്തുന്നത് അക്ഷരാർത്ഥത്തിൽ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പാറശാല കേസിലെ വധശിക്ഷ നൽകികൊണ്ടുള്ള വിധിയിലെ 7 മത്തെ പോയന്റായി വളരെ വ്യക്തമായി കോടതി പറഞ്ഞിട്ടുള്ളത് “കേരള ഹൈക്കോടതിയുടെ സ്ഥിരീരീകരണത്തിന് ശേഷം മാത്രമേ ഒന്നാം പ്രതിയുടെ വധ ശിക്ഷ നടപ്പാക്കാൻ പാടുള്ളൂ ” എന്നതാണ്. “7. Death sentence imposed on accused No. 1 will be subject to confirmation of the Honourable High Court of Kerala and High Court”. കേസിൽ ഇപ്പോഴും അപ്പീലുകൾക്കുള്ള സാധ്യതകളും, നിയമ നടപടികളും നിലനിൽക്കുകയാണ്.
ആയതിനാൽ മേൽ വിവരിച്ച വസ്തുതകളുടെയും, സാമൂഹിക സാഹചര്യങ്ങളുടെയും, കോടതികളുടെയും, കോടതി ഓഫീസറായിട്ടുള്ള പരാതിക്കാരന്റേതുൾപ്പെടെ ആവലാതികൾ പരിഗണിച്ചുകൊണ്ട് നാളെ 22/01/2025 ന് 11.30am ന് AKMA എന്ന സംഘടന നടത്താനീരിക്കുന്ന വിദ്വേഷ സംഘം ചേരലും, നിയമവിരുദ്ധ ആഘോഷങ്ങളും തടയണമെന്നും, അത്തരമൊരു പരിപാടിക്ക് അനുമതി നൽകരുതെന്നും, നിയമവിരുദ്ധമായിട്ട് സംഘം ചേരുന്ന സംഘടനയുടെ ബന്ധപ്പെട്ടവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും പൊതുജനതാത്പര്യാർത്ഥം അഭ്യർത്ഥിക്കുന്നു.
ഉള്ളടക്കം :- സൂചന ഒന്നിൽ പറഞ്ഞിട്ടുള്ള നോട്ടീസ്
വിശ്വസ്ഥതയോടെ ശ്രീജിത്ത് പെരുമന
അഡ്വക്കേറ്റ് സുപ്രീംകോർട്ട് ഓഫ് ഇന്ത്യ & ഡൽഹി ഹൈകോർട്ട് ന്യുഡൽഹി
Source link