സംസ്ഥാനത്ത് അധികം വൈകാതെ റേഷൻ കടകൾ അടച്ച് പൂട്ടേണ്ടി വരും? നേരിടേണ്ടി വരിക വലിയ പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിൽ. വിതരണ കരാറുകാരുടെ പണിമുടക്ക് മൂന്നാഴ്‌ച പിന്നിട്ടതോടെയാണ് റേഷൻ കടകളിൽ അരി വിതരണം പ്രതിസന്ധിയിലായത്. നിലവിലുള്ള സ്റ്റോക്ക് ഉടൻ തീരും. പ്രശ്‌ന പരിഹാരം ആയില്ലെങ്കിൽ റേഷൻ കടകൾ അടച്ചിടേണ്ടി വരുമെന്നും റേഷൻ വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക റേഷന്‍ കടകളിലും ഏതാനും ചാക്ക് അരി മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത് . കഴിഞ്ഞ മൂന്നാഴ്ചയും വിതരണം ചെയ്തത് നേരത്തെയുള്ള സ്റ്റോക്കില്‍ നിന്നുള്ള അരിയാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഗോഡൗണുകളിൽ നിന്ന് സപ്ലൈക്കോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നേരത്തെയുള്ള ഭീമമായ കുടിശിക തീര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ജനുവരി ഒന്ന് മുതല്‍ കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുന്‍ഗണന വിഭാഗത്തിനുള്ള അരിവിതരണം കൂടെ മുടങ്ങുമെന്ന് റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ മാസം 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ കൂടി അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.വേതന പരിഷ്കരണം അടക്കം ആവശ്യപ്പെട്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്. ഇതും റേഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിസന്ധിയാകും. റേഷന്‍ വിഹിതം മാത്രം ആശ്രയിച്ച് കഴിയുന്ന മനുഷ്യരെയാണ് നിലവിലെ പ്രതിസന്ധി സാരമായി ബാധിക്കുന്നത്.
Source link