കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ സുബെെദയെ വെട്ടിക്കൊന്ന മകൻ ആഷിഖിനെ (24) കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. പ്രതിക്കായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ശനിയാഴ്ചയാണ് ലഹരിക്കടിമയായ മകൻ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പണം നൽകാത്തതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയതിന് പിന്നാലെ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ‘ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാൻ നടപ്പാക്കി’- എന്നായിരുന്നു യുവാവ് അപ്പോൾ പറഞ്ഞുകൊണ്ടിരുന്നത്.
സുബൈദയുടെ സഹോദരി സക്കീനയുടെ വേനക്കാവിലെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അരുംകൊല നടന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ആഷിഖ് അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊളിക്കാനാണെന്നും പറഞ്ഞ് കൊടുവാൾ ചോദിച്ച് വാങ്ങി. ശേഷം വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പേ തന്നെ മരിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആഷിഖിനെ താമരശ്ശേരി പൊലീസിലേൽപ്പിക്കുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ആഷിഖ് നേരത്തെ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. പ്രതി പ്ലസ്ടുവരെ നാട്ടിലാണ് പഠിച്ചത്. അതിനുശേഷം കോഴിക്കോട് പഠിച്ചു. ഇവിടെവച്ചാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് വിവരം.
Source link