CINEMA

'വാഴ്ത്തപ്പെടാത്തവർ, എന്റെ സഹോദരനെ രക്ഷിച്ചതിനു നന്ദി’; ഏലിയാമ്മയെ പ്രശംസിച്ച് സെയ്ഫിന്റെ സഹോദരി


അതിക്രമിയുടെ ആക്രമണത്തിൽ സമയോചിതമായി ഇടപെട്ട വീട്ടിലെ രണ്ടു വനിതാ സഹായികളെ പ്രശംസിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി സബാ അലി ഖാൻ. മലയാളിയായ ഏലിയാമ്മയും മറ്റൊരു സഹായിയുമാണ് ആക്രമണത്തെ സമചിത്തതയോടെ നേരിട്ടത്. സെയ്ഫ് അലി ഖാന്റെ ഇളയമകൻ ജഹാൻഗീറിന്റെ ആയയാണ് മലയാളി കൂടിയായ ഏലിയാമ്മ. ‘ആരും പാടിപ്പുകഴ്ത്താത്തവർ’ എന്നാണ് ഇവരെ സബ വിശേഷിപ്പിച്ചത്. രണ്ടുപേർക്കുമൊപ്പം പലപ്പോഴായി എടുത്തിട്ടുള്ള സെൽഫികളും സബ പങ്കുവച്ചു. 

‘സമയോചിതമായി ധൈര്യത്തോടെ ഇടപെട്ട രണ്ടുപേർക്കും നന്ദി. ആരും പാടിപ്പുകഴ്ത്തപ്പെടാത്തവരാണ് നിങ്ങൾ. എന്റെ സഹോദരനെയും കുടുംബത്തെയും ആപത്‌ഘട്ടത്തിൽ സംരക്ഷിച്ചതിനു നന്ദി. നിങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. നിങ്ങൾ ഏറ്റവും മികച്ചവരാണ്,’ സബ പറഞ്ഞു. 

അതിക്രമിയെ ആദ്യം തിരിച്ചറിഞ്ഞത് ഏലിയാമ്മയായിരുന്നു. ഇക്കാര്യം അവർ പൊലീസിനെ അറിയിച്ചിരുന്നു. തലനാരിഴയ്ക്കാണ് സെയ്ഫ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. സെയ്ഫ് എല്ലാവരെയും സുരക്ഷിതരായി മുറിയിൽ നിന്നു പുറത്തേക്ക് എത്തിക്കുകയും അതിക്രമിയെ ആ മുറിയിലാക്കി വാതിലടയ്ക്കുകയും ആയിരുന്നുവെന്ന് ഏലിയമ്മ പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ അക്രമി ആ മുറിയിൽ നിന്നും രക്ഷപ്പെട്ടു. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വച്ച് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെടുന്നത്. ആക്രമണത്തില്‍ നടന് ആറു തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെതിരുന്നു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.


Source link

Related Articles

Back to top button