KERALAM

പറഞ്ഞിട്ട് കേൾക്കുന്നില്ലെന്ന് സ്പീക്കർ; സ്പീക്കറും കൂട്ടാണോയെന്ന് സതീശൻ # പ്രതിപക്ഷ നേതാവ് ക്ഷുഭിതനായി പേപ്പർ നിലത്തെറിഞ്ഞു

തിരുവനന്തപുരം: താൻ പറഞ്ഞിട്ട് ഭരണപക്ഷ അംഗങ്ങൾ കേൾക്കുന്നില്ലെന്നും പിന്നെ എന്തുചെയ്യാൻ പറ്റുമെന്നും സ്പീക്കർ എ.എൻ.ഷംസീർ. പ്രതിഷേധത്തിന് സ്പീക്കർ കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കൂത്താട്ടുകുളം നഗരസഭയിലെ സി.പി.എം കൗൺസിലർ കലാരാജുവിനെ സ്വന്തംപാർട്ടിക്കാർ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയാണ് സ്പീക്കറും പ്രതിപക്ഷനേതാവും കൊമ്പുകോർത്തത്. വാക്കൗട്ട് പ്രസംഗം നിരന്തരം ഭരണപക്ഷം തടസപ്പെടുത്തിയപ്പോൾ ‘എന്ത് തെമ്മാടിത്തമാണിതെന്ന്’ സ്പീക്കറോട് ചോദിച്ചശേഷം കൈയിലുണ്ടായിരുന്ന കുറിപ്പെഴുതിയ പേപ്പർ ശക്തിയായി നിലത്തേക്കെറിഞ്ഞ് സതീശൻ പ്രതിഷേധിച്ചു.

കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെല്ലാം സി.പി.എം നേതാക്കളാണെന്നും പൊലീസ് ഒത്താശചെയ്തെന്നും സതീശൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭരണപക്ഷം ബഹളമുണ്ടാക്കിയത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം മൂന്നുവട്ടം നടുത്തളത്തിലിറങ്ങി. സതീശൻ പച്ചക്കള്ളം പറയുകയാണെന്ന് ഭരണപക്ഷ അംഗങ്ങൾ വിളിച്ചുപറഞ്ഞു.

വാക്കേറ്റവും ബഹളവുമായി. സതീശൻ പ്രസംഗം നിറുത്തി. കടലാസ് നിലത്തേക്ക് എറിഞ്ഞശേഷം എന്തു തെമ്മാടിത്തമാണിതെന്നു സ്പീക്കറോട് ചോദിച്ചു.

സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയെ പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച ആരോഗ്യമന്ത്രി വീണാജോർജ്ജ് സഭയിൽ ബഹളമുണ്ടാക്കിയത് അത്ഭുതപ്പെടുത്തുന്നില്ലെന്ന് സതീശൻ പറഞ്ഞപ്പോഴും ഭരണപക്ഷം ബഹളമുണ്ടാക്കി. നിയന്ത്രിക്കാൻ പറ്റില്ലെന്ന് സ്പീക്കർ സമ്മതിച്ചെന്നും സ്പീക്കറും അതിന് കൂട്ടുനിൽക്കുകയാണെന്നും സതീശൻ പറഞ്ഞു. എല്ലാവരെയും നിയന്ത്രിക്കാൻ പറ്റില്ലല്ലോയെന്നും തനിക്കെതിരെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ മറുപടിനൽകി. പക്വതയില്ലാതെ സംസാരിക്കരുത്. പ്രതിപക്ഷ നേതാവിനു യോജിച്ച പ്രവൃത്തിയുണ്ടാകണം- സ്പീക്കർ പറഞ്ഞു. പക്വത പഠിപ്പിക്കേണ്ടെന്നും സംസാരിക്കാതിരിക്കാൻ ശ്രമിച്ചശേഷം 12മിനിറ്റായപ്പോൾ പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞെന്നും സതീശൻ തിരിച്ചടിച്ചു. അംഗങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെങ്ങനെ സഭ ചേരും- സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി എഴുന്നേറ്റ് പ്രതിഷേധത്തിന് സ്പീക്കർ കൂട്ടുനിന്നെന്ന് സതീശൻ പറഞ്ഞത് ശരിയായില്ലെന്ന് പ്രതികരിച്ചു. പ്രതിഷേധം നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ സ്പീക്കർക്ക് തന്നോട് പ്രസംഗം അവസാനിപ്പിക്കാൻ പറയാൻ എങ്ങനെ പറ്റിയെന്ന് സതീശൻ ചോദിച്ചു. പറഞ്ഞിട്ട് ഭരണപക്ഷം കേൾക്കുന്നില്ലെന്ന് സ്പീക്കർ പറഞ്ഞത് മോശമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കാലുമാറ്റം തടയാൻ നിയമമുണ്ടെന്നും ചുമന്നുകൊണ്ടുപോവാൻ വകുപ്പില്ലെന്നും കൂത്താട്ടുകുളത്തേത് ക്രൂരമായ നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Source link

Related Articles

Back to top button