എലപ്പുള്ളി ബ്രൂവറിക്ക് വെള്ളം നൽകാനാകില്ല: വാട്ടർ അതോറിട്ടി

പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലയ്ക്ക് വെള്ളം നൽകാനാകില്ലെന്ന് വാട്ടർ അതോറിട്ടി. വ്യാവസായിക ആവശ്യത്തിന് വെള്ളം നൽകാനാകില്ലെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇനി സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് വാട്ടർ അതോറിട്ടി പാലക്കാട് സൂപ്രണ്ടിംഗ് എൻജിനിയർ ഇ.എൻ. സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുടിവെള്ളത്തിൽ നിന്നുള്ള വിഹിതം മദ്യ നിർമ്മാണശാലയ്ക്ക് നൽകാനാവില്ല. പാലക്കാട് ജില്ലയിൽ കുടിവെള്ളംതന്നെ വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. പിന്നെങ്ങനെ വ്യാവസായിക ആവശ്യത്തിന് കൊടുക്കും. ഒയാസിസ് കമ്പനി വാട്ടർ അതോറിട്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് 500 കിലോലിറ്റർ വെള്ളം ആവശ്യപ്പെട്ട് കത്ത് നൽകിയത്. വാട്ടർ അതോറിട്ടിക്ക് കൊടുക്കാനില്ല. ഭാവിയിൽ കിൻഫ്രയുടെ ഒരു പദ്ധതി അവിടെ വരുന്നുണ്ട്. അവർ സമ്മതിക്കുകയാണെങ്കിൽ എടുക്കാമെന്ന് കത്ത് നൽകിയിരുന്നു.
ഭാരത് പെട്രോളിയത്തിന്റെ ഒരു ടെൻഡറിൽ പങ്കെടുക്കാൻ വേണ്ടിയാണ് എന്നായിരുന്നു കമ്പനി വാട്ടർ അതോറിട്ടിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നത്. എഥനോൾ കമ്പനിക്ക് വേണ്ടിയെന്നും കത്തിൽ പറഞ്ഞിരുന്നു. ബ്രൂവറിക്ക് വേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അനുമതി തേടിയത്
മാനദണ്ഡങ്ങൾ പാലിച്ച്
ഒയാസിസ് കമ്പനി വാട്ടർ അതോറിട്ടിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന പാലക്കാട് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയറുടെ ആരോപണത്തിന് മറുപടിയുമായി കമ്പനി അധികൃതർ. എലപ്പുള്ളിയിലെ ബ്രൂവറിക്കായി സംസ്ഥാനത്തെ എല്ലാ നിയമങ്ങളും സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും പാലിച്ച് വളരെ സുതാര്യമായാണ് അനുമതി നേടിയത്. ആരെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ല, നേരായ മാർഗത്തിലൂടെ പ്രവർത്തിക്കുന്നതിനാൽ തങ്ങൾക്ക് യാതൊന്നും മറച്ചുവെക്കാനില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ബ്രൂവറി വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ലോബികളുടെ പിന്തുണയോടെയാണ് വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ആരുടേയും അതൃപ്തി കാര്യമാക്കുന്നില്ല.
-എം.വി.ഗോവിന്ദൻ
സി.പി.എം
സംസ്ഥാന സെക്രട്ടറി
ബ്രൂവറി സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം പൊളിഞ്ഞതു പോലെ ജലചൂഷണമെന്ന വാദവും സ്വയം പൊളിയും. ആദ്യം ഉന്നയിച്ച അഴിമതി ആരോപണത്തിന് 48 മണിക്കൂർ പോലും ആയുസുണ്ടായില്ല. വെള്ളത്തിന്റെ കാര്യവും ഇതുപോലെ സ്വയം പൊളിയും.
-മന്ത്രി എം.ബി.രാജേഷ്
Source link