നോർക്ക നെയിം പദ്ധതി: തിരിച്ചെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു . ഓട്ടോമൊബൈൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകൾ. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.
രണ്ടുവർഷത്തിലധികം വിദേശത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതി വഴി ലഭിക്കും. www.norkaroots.org സന്ദർശിച്ച് 31 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 -2770523
ജീവൻരക്ഷാ ഇൻഷ്വറൻസ് പ്രീമിയം:
സമയം നീട്ടി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ജീവൻരക്ഷാ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം അടയ്ക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി ഉത്തരവായി.2024 ഡിസംബർ 31ആയിരുന്നു സമയം.ഇത് ശമ്പളത്തിൽ നിന്ന് പിടിക്കാൻ അനുമതിപത്രം നൽകുകയോ നേരിട്ട് ട്രഷറിയിൽ അടയ്ക്കുകയോ ചെയ്യാം.സർക്കാർ ജീവനക്കാരുടെ അപകട മരണത്തിന് 15 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് അഞ്ച് ലക്ഷം രൂപയും പരിരക്ഷ നൽകുന്നതാണ് ജീവൻരക്ഷാ ഇൻഷ്വറൻസ്. അപകടത്തെ തുടർന്ന് പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ തുക ലഭിക്കും.1000രൂപയാണ് വാർഷിക പ്രീമിയം.
സാക്ഷരതാ മിഷനിൽ കരാർ നിയമനം
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് എഡിറ്റർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.literacymissionkerala.org.
ഡി.മോഹൻദേവിന് സ്ഥാനക്കയറ്രം
തിരുവനന്തപുരം: സർവെയും ഭൂരേഖയും വകുപ്പ് ദക്ഷിണമേഖലാ ജോയിന്റ് ഡയറക്ടറും നിലവിൽ അഡിഷണൽ ഡയറക്ടറുടെ ചുമതല വഹിക്കുന്നതുമായ ഡി. മോഹൻദേവിനെ അഡിഷണൽ ഡയറക്ടർ തസ്തികയിൽ താത്കാലിക സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവായി.
Source link