കെ.പി.സി സി നേതൃമാറ്റ ചർച്ചകൾക്ക് വേഗം കൂടും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചർച്ച നടത്തിയതിന് പിന്നാലെ, കെ.പി.സി.സി നേതൃമാറ്റ സാദ്ധ്യത തെളിയുന്നു.
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് കടിച്ചു തൂങ്ങാൻ താനില്ലെന്ന് ഇന്നലെ കെ.സുധാകരൻ എം.പി പ്രതികരിച്ചത് ഇത്തരം ചർച്ചകളിലുള്ള അദ്ദേഹത്തിന്റെ അതൃപ്തിയാണ് വെളിവാക്കുന്നത്. മാറ്റക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന രമേശ് ചെന്നിത്തലയും പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചിട്ടുമില്ല.
തിങ്കളാഴ്ച രാത്രി ഹൈദരബാദിലേക്ക് പോയ ദീപാദാസ് മുൻഷി ഇന്ന് വീണ്ടും കേരളത്തിലേക്ക് വരുന്നുണ്ട്. ആലപ്പുഴയിലെ പ്രധാന നേതാക്കളുമായി അവർ സംഘടനാ ചർച്ച നടത്തും. ഡി.സി.സി ഭാരവാഹികളെയും കണ്ടേക്കും. പരിക്കേറ്റ് എറണാകുളത്ത് ചികിത്സയിലുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹനനെയും സന്ദർശിക്കും. ഞായറാഴ്ച രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുത്ത ശേഷം ദീപാദാസ് മുൻഷി ഒട്ടുമിക്ക നേതാക്കളുമായും ആശയവിനിമയം നടത്തി. അവർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും ഹൈക്കമാൻഡിന്റെ ഇടപെടൽ.
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങാനോ മുഖ്യമന്ത്രി ആകാനോ താനില്ലെന്നാണ് ഇന്നലെ സുധാകരൻ പറഞ്ഞത്.
നിയമസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് മാറുമ്പോൾ പ്രതിപക്ഷ നേതാവ് മാറണമെന്ന നിർബ്ബന്ധമില്ല. പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയൊന്നും തനിക്കില്ല. യുക്തമായ തീരുമാനം ഹൈക്കമാൻഡിന് എടുക്കാമെന്നാണ് സുധാകരൻ പ്രതികരിച്ചത്.
കെ.പി.സി.സിയെ നയിക്കാൻ പ്രാപ്തനായ നേതാവാണ് കെ.സുധാകരനെന്നായിരുന്നു ഇന്നലെ ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം വേണമോ എന്നത് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അനാവശ്യമാണെന്നും ഐക്യത്തിനാണ് ഇപ്പോൾ പ്രാധാന്യമെന്നുമാണ് ചെന്നിത്തല ആവർത്തിക്കുന്നു.
തുടരണമെന്ന വാശിയില്ല: കെ. സുധാകരൻ
കണ്ണൂർ: കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വിട്ടു കൊടുക്കില്ലെന്ന വാശിയില്ലെന്ന് കെ. സുധാകരൻ. തനിക്ക് ഇതൊരു ആഢംബരമോ അലങ്കാരമോ അല്ല. യുക്തമായ തീരുമാനം കേന്ദ്ര നേതൃത്വത്തിന് എടുക്കാം. ആരെയും പ്രസിഡന്റാക്കാം. ആ പ്രസിഡന്റിന് സഹകരണം കൊടുക്കും. നേതൃമാറ്റ ചർച്ചകൾ നടക്കുന്നില്ലെന്നും അത്തരം ചർച്ചകൾക്ക് ആരും എതിരല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വലിയ സ്വപ്നമല്ല. മുഖ്യമന്ത്രി സ്ഥാനം പോലും സ്വപ്നമല്ല. തന്റെ രാഷ്ട്രീയം സി.പി.എമ്മിനെതിരായ കോൺഗ്രസ് രാഷ്ട്രീയമാണ്. ആറോ ഏഴോ വയസു മുതൽ സി.പി.എമ്മിനെതിരേ പോരാടുന്നയാളാണ്. ആ പോരാട്ടം തുടരും.കെ.പി.സി.സി. പ്രസിഡന്റായില്ലെങ്കിൽ വായുവിൽ പറന്നു പോകില്ല. താൻ ജനമനസിലുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുണ്ടാകും. മത്സരിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
.
Source link