മോഹന്‍ലാലിനെ വിറപ്പിച്ച ‘റാവുത്തർ’; അന്ന് ശബ്ദം നൽകിയത് എൻ.എഫ്. വർഗീസ്; മലയാളികൾക്ക് അറിയാത്ത ആ നടൻ

തെലുങ്ക് നടന്‍ വിജയരംഗരാജു ഹൃദയസ്തംഭനം മൂലം അന്തരിച്ചു എന്ന് വാര്‍ത്ത എഴുതാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഒന്ന് പതറി. ആ പേര് പറഞ്ഞാല്‍ ആര് തിരിച്ചറിയും? കീരിക്കാടന്‍ ജോസിനെ പോലെ (മോഹന്‍രാജ്) കഥാപാത്രത്തിന്റെ പേര് നടന്റെ നാമധേയമായി മാറുക എന്ന അപൂര്‍വതയ്ക്കു ചരിത്രത്തില്‍ അധികം ഉദാഹരണങ്ങളില്ല. അത്തരം അസാധാരണ സാഹചര്യങ്ങളില്‍ നിന്ന് ചിരപ്രതിഷ്ഠ നേടിയ നടനാണ് ‘വിയറ്റ്‌നാംകോളനി’ എന്ന സിനിമയില്‍ റാവുത്തര്‍ എന്ന ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് നടന്‍ വിജയരംഗരാജു.
ഒരു നടനും കഥാപാത്രവും തമ്മിലുളള അതിരുകള്‍ മാഞ്ഞ് തീര്‍ത്തും ഇല്ലാതാവുകയും രണ്ടും ഒന്നായി പരിണമിക്കുക എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അദ്ഭുതമാണ്. അത്തരം വിസ്മയങ്ങള്‍ പല കുറി ആവര്‍ത്തിച്ച സംവിധായകരാണ് സിദ്ദിഖ്–ലാല്‍. മാന്നാര്‍ മത്തായിയും ജോണ്‍ ഹോനായിയും റാംജിറാവും അഞ്ഞീറാനും മറ്റൊരു നടനെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം നടനെ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിക്കാനും അതിന്റെ പൂര്‍ണതയിലെത്തിക്കാനും അവര്‍ക്ക് സാധിച്ചു. ആ അപൂര്‍വഭാഗ്യം സിദ്ധിച്ച മറ്റൊരു നടനാണ് തെലുങ്കില്‍ നിന്നും മലയാളത്തില്‍ എത്തിയ വിജയരംഗരാജു. ടിപ്പിക്കല്‍ വില്ലന്‍മാരുടെ ക്ലീഷേകള്‍ ഒഴിവാക്കി റാവുത്തര്‍ എന്ന കഥാപാത്രത്തിന് തനത് വ്യാഖ്യാനം നല്‍കുക വഴി പുതിയ ഒരു അനുഭവം സമ്മാനിച്ചു രാജു. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും റാവുത്തര്‍ തന്നെയാണ്.
മോഹന്‍ലാലിനെ വിറപ്പിച്ച വില്ലന്‍
സിദ്ദിഖ്–ലാലിന്റെ കരിയറില്‍ അവര്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന സിനിമകളിലൊന്നാണ് വിയറ്റ്‌നാംകോളനി. ആദ്യചിത്രമായ റാംജിറാവ് സ്പീക്കിങ് മോഹന്‍ലാലിനെ വച്ച് ചെയ്യാന്‍ അവര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് യാഥാർഥ്യമായില്ല. പിന്നീട് ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, എന്നിങ്ങനെ നിരവധി ഹിറ്റുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ ഡേറ്റ് ഈ ഹിറ്റ് ജോടികള്‍ക്ക് ലഭിക്കുന്നത്. അപ്പോഴും ഒരു പ്രതിസന്ധി ബാക്കി നിന്നു. ലാലിന്റെ ഓപ്പോസിറ്റായി വരുന്ന കഥാപാത്രം അതീവശക്തിയുളള ഒന്നാണ്. ആ ക്യാരക്ടര്‍ അര്‍ഹിക്കുന്ന ഇന്റന്‍സിറ്റിയില്‍ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സിനിമ നിലനില്‍ക്കില്ല. ലാലിന്റെ ഡേറ്റ് ലഭിച്ചതു പോലും വൃഥാവിലാകും. മലയാളത്തിലെ പല നടന്‍മാരെക്കുറിച്ചും ചിന്തിച്ചു നോക്കിയെങ്കിലും തൃപ്തി വന്നില്ല. കണ്ടുപരിചയിക്കാത്ത ഒരു മുഖം വേണം.
മോഹന്‍ലാലിനെ പോലെ ഒരു മഹാനടന് നേര്‍ക്കുനേര്‍ നിന്ന് അഭിനയിച്ച് തകര്‍ക്കാനുളള ശേഷിയും വേണം. അങ്ങനെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ തെലുങ്ക് നടനായ വിജയരംഗരാജുവില്‍ എത്തി നിന്നു സംവിധായകര്‍. ആ തിരഞ്ഞെടുപ്പ് വെറുതെയായില്ലെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം വിധിയെഴുതി. ഇന്നും ഭീകരതയുടെ പ്രതിരൂപമായി റാവുത്തര്‍ എന്ന ആ ഉശിരന്‍ വില്ലന്‍ പ്രേക്ഷക മനസ്സുകളില്‍ നില്‍ക്കുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും വിജയരംഗരാജുവിന് അവകാശപ്പെട്ടതാണ്.
ആരാണ് റാവുത്തര്‍?
മഹാരാഷ്ട്ര സ്വദേശിയായ രാജു വര്‍ഷങ്ങളായി ഹൈദരാബാദില്‍ സ്ഥിര താമസക്കാരനാണ്. പല സിനിമകളിലും അഭിനയിച്ചുവെങ്കിലും രാജുവിലെ നടനെ അടയാളപ്പെടുത്തുന്ന ഒരു കഥാപാത്രം ഉണ്ടായില്ല. ആ സമയത്താണ് വിയറ്റ്‌നാംകോളനിയിലെ റോള്‍ തേടി വരുന്നത്. നല്ല ഉയരവും അതിനൊത്ത വണ്ണവും കാഴ്ചയില്‍ ഭീതി ജനിപ്പിക്കുന്ന രൂപവും എല്ലാം വേണമായിരുന്നു റാവുത്തര്‍ എന്ന കഥാപാത്രത്തിന്. രാജുവിനെ കണ്ട മാത്രയില്‍ തന്നെ എല്ലാവര്‍ക്കും ബോധ്യമായി. ഏഴടിക്കടുത്ത് ഉയരവും ഭീമാകാരമായ ശരീരവുമുളള രാജു സെറ്റില്‍ വന്നിറങ്ങിയപ്പോള്‍ ക്രൂ മെമ്പേഴ്‌സ് അടക്കം ഭയന്ന് മാറി നിന്നു. എന്നാല്‍ ലൈറ്റ്‌ബോയ്‌സ് അടക്കം എല്ലാവരെയും അടുത്തു വിളിച്ച് വളരെ സൗഹൃദത്തോടെ പെരുമാറുയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന രാജുവിനെ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു.
കാഴ്ചയിലെ ഭീകരത ആ മനസ്സില്‍ മരുന്നിന് പോലും ഇല്ലായിരുന്നു. പരമസാധുവായ ഒരു മനുഷ്യന്‍. സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയാണ് രാജുവിനെ ഫാസിലുമായി പരിചയപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നെയിലെ ഫാസിലിന്റെ വസതിയില്‍ വച്ചാണ് രാജുവിനെ സിദ്ദിഖ്–ലാല്‍ ആദ്യമായി കാണുന്നത്. തമിഴിലെ ഹിറ്റ്‌മേക്കറായിരുന്ന ഫാസിലിനെ സന്ദര്‍ശിക്കാനെത്തിയതാണ് രാജു. ആ രൂപം അന്നേ സഹസംവിധായകരായിരുന്ന സിദ്ദിഖ്–ലാലിന്റെ മനസില്‍ കൊണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം വിയറ്റ്‌നാം കോളനിയുടെ കാസ്റ്റിങ് നടക്കുമ്പോള്‍ പല പേരുകളും തൃപ്തിയാകാതെ ഇനി എന്ത് എന്ന അനിശ്ചിതത്വത്തിലിരിക്കുമ്പോള്‍ ഒരു മിന്നായം പോലെ രാജു അവരുടെ മനസിലേക്ക് കയറി വന്നു.
കടമെടുത്ത ശബ്ദം
ഷൂട്ടിങ്സമയത്ത് രാജു ഗംഭീരമായി പെര്‍ഫോം ചെയ്‌തെങ്കിലും മലയാളം അറിയാത്ത അദ്ദേഹത്തിന് ഡബ്ബിങ് പ്രശ്‌നമായി. രാജുവിന് ആര് ശബ്ദം കൊടുക്കും എന്ന ചര്‍ച്ച വന്നു. ആ രൂപഭാവങ്ങള്‍ക്ക് ഇണങ്ങുന്നതും ക്രുരത ജനിപ്പിക്കുന്നതുമായ ശബ്ദം വേണം. ഒടുവില്‍ നടന്‍ എന്‍.എഫ്.വര്‍ഗീസ് ആ ദൗത്യം ഏറ്റെടുത്തു. അങ്ങനെ ഇന്ന് നാം കാണുന്ന റാവുത്തറുടെ ശബ്ദം എന്‍.എഫിന് അവകാശപ്പെട്ടതായി. 1973 മുതല്‍ അഭിനയരംഗത്ത് സജീവമായിരുന്ന രാജു ചെറുതും വലുതുമായി പല ഭാഷകളിലുള്ള ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചതായി പറയപ്പെടുന്നു. അമൃത ടിവിയില്‍ മോഹന്‍ലാലുമായുളള കൂടിക്കാഴ്ചയില്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയതാണ് ഇത്. ആ പറഞ്ഞത് സത്യമെങ്കില്‍ അദ്ദേഹം ഗിന്നസ് റിക്കാര്‍ഡിന് വരെ പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു. ഒരുപക്ഷേ അതൊരു നാക്കുപിഴയാവാം.
എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കരിയറില്‍ എന്നും ഓര്‍മിക്കപ്പെടുന്ന വേഷമായി മാറി വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍. ആ കഥാപാത്രമായി മാറാന്‍ വേണ്ടി മാത്രം ജനിച്ച ഒരാള്‍ എന്ന് തോന്നിപ്പിക്കും വിധമുളള പ്രകടനം. കീരിക്കാടന്‍ ജോസായി മാറിയ മോഹന്‍രാജിന് ശേഷം ഈ തലത്തില്‍ കഥാപാത്രം നടനെ മറികടക്കുന്ന മറ്റൊരു കാഴ്ച. മലയാള സിനിമയില്‍ മറ്റൊരു വില്ലന്‍ കഥാപാത്രത്തെയും ആരും ഇന്നേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിധത്തില്‍ അസാധാരണമായ ബില്‍ഡപ്പ് നല്‍കിയാണ് റാവുത്തറെ സിദ്ദിഖ്–ലാല്‍ അവതരിപ്പിച്ചത്. സംവിധായകരുടെ പ്രതീക്ഷകള്‍ക്കപ്പുറം നില്‍ക്കുന്ന ഉജ്ജ്വലമായ പെര്‍ഫോമന്‍സിലുടെ റാവുത്തര്‍ സന്ദര്‍ഭത്തിനൊത്ത് ഉയരുകയും ചെയ്തു.
വിജയ രംഗരാജു (Photo Special Arrangement)
മറക്കാനാവുമോ റാവുത്തറെ?
കഴിഞ്ഞ മാസം ഹൈദരാബാദിലെ ഷൂട്ടിങ് സെറ്റില്‍ വച്ച് ഗുരുതരമായി പരുക്കേറ്റ രാജുവിനെ ചെന്നെയിലെ ആശുപത്രിയില്‍ എത്തിച്ച് ഒരാഴ്ചയായി ചികിത്സകള്‍ നല്‍കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഹൃദയാഘാതം അതിന് അനുവദിച്ചില്ല. സ്‌റ്റേജ് ആര്‍ട്ടിസ്റ്റായി കലാജീവിതം ആരംഭിച്ച രാജു നന്ദമുര്‍ത്തി ബാലകൃഷ്ണയുടെ ഭൈരവദ്വീപ് എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. യജ്ഞം എന്ന തെലുങ്ക് പടത്തിലെ പ്രകടനം രാജുവിന്റെ പ്രതിഭ പുറത്ത് കൊണ്ടു വന്നു.
ബോഡി ബില്‍ഡിംഗില്‍ കടുത്ത ശ്രദ്ധ പുലര്‍ത്തിയിരുന്ന അദ്ദേഹം ആ മേഖലയില്‍ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. ദീക്ഷിത, പത്മിനി എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്. മരിക്കുന്നതിന് മുന്‍പ് ഒരു ടെലിവിഷന്‍ ഷോയില്‍ രാജു ഇങ്ങനെ പറയുകയുണ്ടായി.
‘‘ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഇന്ന് ഞാന്‍ അറിയപ്പെടുന്നത് റാവുത്തര്‍ എന്നാണ്. പലര്‍ക്കും എന്റെ പേര് പോലും അറിയില്ല. അവരെല്ലാം റാവുത്തര്‍ എന്ന് വിളിക്കുന്നു. ഞാനത് ആസ്വദിക്കുകയും ചെയ്യുന്നു. അങ്ങനെയൊരു കഥാപാത്രത്തിലുടെയാവും വരും കാലങ്ങളില്‍ ഞാന്‍ ഓര്‍മിക്കപ്പെടുക’’, അദ്ദേഹം പറഞ്ഞത് വാസ്തവമാണ്. വിജയരംഗ രാജുവിനെ മറന്നാലും മറക്കാനാവുമോ റാവുത്തറെ..!
Source link