KERALAM

ജയിലിലും ഒന്നാം നമ്പർ, 2025ലെ ആദ്യ തടവുകാരിയായി ഗ്രീഷ്‌മ; സഹതടവുകാർ റിമാൻഡ് പ്രതികൾ

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്‌മയ്ക്ക് ജയിലിൽ ലഭിച്ചതും ഒന്നാം നമ്പർ. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഇക്കൊല്ലത്തെ ആദ്യ തടവുകാരിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പരാണ് ഗ്രീഷ്‌മയ്ക്ക് നൽകിയത്.

ജയിലിലെ 14ാം ബ്ളോക്കിൽ 11-ാം നമ്പർ സെല്ലിൽ രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. ഇവിടത്തെ 24ാമത്തെ തടവുകാരിയാണ്. വധശിക്ഷയ്ക്ക് വിധിക്കുന്നവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നാണെങ്കിലും അപ്പീൽ സാഹചര്യമുള്ളതുകൊണ്ട് അതുണ്ടാകാറില്ല. വിചാരണക്കാലത്തും ഗ്രീഷ്‌മയെ ഇതേ സെല്ലിൽ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്. എന്നാൽ സഹതടവുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞവർഷം സെപ്‌തംബറിൽ മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.

ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്ക് കഴിഞ്ഞദിവസം കോടതി വധശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവ് വിധിച്ചു. രണ്ട്‌ ലക്ഷം രൂപ പിഴയടക്കണം. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ആണ് വിധി പറഞ്ഞത്.

2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ, കാമുകനായ പാറശ്ശാല മുര്യങ്കര ജെ.പി ഹൗസിൽ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്ന് കണ്ട് ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒക്‌ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി. ശില്പയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്.


Source link

Related Articles

Back to top button