ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് ; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : ഒരു വിഭാഗം സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22ന് നടത്തുന്ന പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവു ചെയ്യും. അവശ്യ സാഹചര്യങ്ങളിൽ അല്ലാതെ അവധി അനുവദിക്കരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി. അനധികൃത അവധികൾ ഡയസ് നോൺ ആയി കണക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജോലിക്കെത്തുന്ന ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് മേധാവി/ ഓഫീസ് മേധാവി തങ്ങളുടെ ഓഫീസിന്റെയും പ്രവേശന കവാടത്തിന്റെയും താക്കോൽ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതും പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് നേരത്തെ തന്നെ ഓഫീസിൽ പ്രവേശിക്കാൻ ഓഫീസ് തുറന്നു കൊടുക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്. അക്രമ പ്രവർത്തനത്തിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്ക് ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
ഭരണകക്ഷിയായ സി.പി.ഐയുടെ സംഘടനയായ ജോയിന്റ് കൗൺസിൽ, പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (സെറ്റോ) എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നത്.
Source link