കറിവേപ്പിലയിൽ വിപണി വിപ്ളവം!

കൃഷിത്തോട്ടം
25 സെന്റിൽ
കൊല്ലം: കറിവേപ്പില, കറിവേപ്പിലപ്പൊടി, കറിവേപ്പില ഉണക്കിയത്. കിലോയ്ക്ക് 1,300 രൂപ വരെ. ഉപഭോക്താക്കൾ മസ്കറ്റ്, സൗദി എന്നിവിടങ്ങളിൽ. വീട്ടുമുറ്റത്തെ ഒരുമൂട് കറിവേപ്പില ചെടിയിൽ നിന്നാണ് 25 സെന്റിലേക്ക് നെടുവത്തൂർ വല്ലം ചൈതന്യയിൽ സുന്ദരൻ ബാലകൃഷ്ണൻ (58) കറിവേപ്പില തോട്ടം വ്യാപിപ്പിച്ചത്. രണ്ടു മാസം മുമ്പ് കറിവേപ്പിലയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളും ഉണ്ടാക്കിത്തുടങ്ങി.
സുഹൃത്തുകളാണ് പ്രധാന ഉപഭോക്താക്കൾ. ഇവരിലൂടെ കൂടുതൽ ഓർഡറുകൾ എത്തിത്തുടങ്ങി. കറിവേപ്പില കൂടാതെ മുരിങ്ങയില ഉണക്കിയതിനും ചക്ക കൊണ്ടുള്ള ഉത്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. മുരിങ്ങയില ഉണക്കിയത് ഒരു കിലോയ്ക്ക് 2000 രൂപ. ഡീ ഹൈഡ്രേറ്റിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇലകളും ചക്കച്ചുളയും ഉണക്കുന്നത്. ഇങ്ങനെ ഉണക്കുന്നവ വെള്ളത്തിൽ ഇട്ടാൽ പൂർവസ്ഥിതിയിലാകും. എത്രനാൾ വേണമെങ്കിലും കേടുകൂടാതിരിക്കും. ഓർഡർ അനുസരിച്ചാണ് നിർമ്മാണം. വല്ലം ദേവീക്ഷേത്രത്തിന് സമീപം ആരംഭിച്ച സ്ഥാപനത്തിലാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.
ആഴ്ചയിൽ വിൽക്കുന്നത് -10 കിലോ കറിവേപ്പില
പ്രതിമാസം വരുമാനം- ₹ 5000-10000 വരെ
കറിവേപ്പ് തൈ വില -₹ 50-1000
ക്വാറിയിൽ നിന്ന് കൃഷിയിലേക്ക്
വീട്ടുമുറ്റത്തെ ചെടിയിൽനിന്ന് ഒടിച്ചെടുത്ത ഒരുപിടി കറിവേപ്പിലയ്ക്ക് ഒരിക്കൽ വിപണിയിൽ 400 രൂപ ലഭിച്ചു. വിപണിമൂല്യം തിരിച്ചറിഞ്ഞ് ആറുവർഷം മുമ്പ് വ്യാവസായികാടിസ്ഥാനത്തിൽ കറിവേപ്പില കൃഷി ആരംഭിച്ചു. ഹൈബ്രിഡ് ഇനങ്ങൾ ഉൾപ്പെടെ ഇരുനൂറിലേറെ ഇനങ്ങളിലെ കറിവേപ്പ് ചെടികളുണ്ട്.
സ്വന്തമായി ഉണ്ടായിരുന്ന ക്വാറി പലവിധ കാരണങ്ങളാൽ അടയ്ക്കേണ്ടി വന്നപ്പോൾ 12 വർഷം മുമ്പാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ക്വാറിയിലെ വെള്ളം കൃഷിക്ക് ഉപയോഗിച്ചു. സ്വന്തമായുള്ള രണ്ടേക്കർ ഉൾപ്പെടെ അഞ്ചേക്കറിലാണ് ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും കൃഷി. സഹോദരനും ക്ഷീര കർഷകനുമായ സുദേവന്റെ പശുഫാമിൽ നിന്ന്ചാണകവും മറ്റും ശേഖരിക്കും. നെടുവത്തൂർ വിപണിയിൽ മാത്രം വർഷം 10 മുതൽ 11 ലക്ഷം രൂപയുടെ കാർഷികവിഭവങ്ങളാണ് വിൽക്കുന്നത്. ഭാര്യ ശകുന്തളയും മക്കളായ ഭാഗ്യ സുന്ദറും ഭരത് സുന്ദറും പൂർണ പിന്തുണയുമായി കൂടെയുണ്ട്.
പരിശീലനക്ലാസുകളിൽ നിന്നു ലഭിച്ച ഊർജമാണ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിലേക്ക് നയിച്ചത്. മായമില്ലാത്ത ജൈവ കാർഷിക വിഭവങ്ങൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം – സുന്ദരൻ ബാലകൃഷ്ണൻ
Source link