KERALAM

പാടുന്നത് അമ്മ, പരിമിതി മറന്ന് മ്യൂസിക് കണ്ടക്ടറായി മകൻ

തിരുവനന്തപുരം: സ്റ്റേജിൽ വള്ളത്തോളിന്റെ കവിത ഈണത്തിൽ പാടുകയാണ് മിനിയും സംഘവും. തഴക്കം വന്ന സംഗീതസംവിധായകനെപ്പോലെ വിഷ്ണുവിന്റെ കൈകൾ ചലിക്കുന്നു. ഉച്ചത്തിൽ പാടുന്ന ഭാഗങ്ങളെത്തുമ്പോൾ കൈകളുയരും. സ്വരങ്ങൾ പാടുമ്പോൾ വിരലുകൾ താളത്തിൽ ഞൊടിക്കും. സെറിബ്രൽ പാൾസി ബാധിതനാണ് വിഷ്ണു(26). മാതാവ് മിനിയുടെയും സംഘത്തിന്റെയും പാട്ട് കിറുകൃത്യമായി വിഷ്ണു കണ്ടക്ട് ചെയ്യുമ്പോൾ ഈ പരിമിതിയൊന്നുമില്ല. സെറിബ്രൽ പാൾസി രോഗബാധിതർക്ക് അധികനേരം ഒന്നിലും ശ്രദ്ധ ചെലുത്താനാവില്ല. എന്നാൽ,ഒന്നരമണിക്കൂർ നീളുന്ന എം.ബി.എസ് ക്വയർ സംഘത്തിന്റെ വിവിധഭാഷകളിലുള്ള പാട്ടുകൾ ആദ്യാവസാനം ഏകാഗ്രതയോടെ കണ്ടക്ട് ചെയ്യാൻ വിഷ്ണുവിനാവും. ‘വെറുതെ കൈകൾ ഉയർത്തുകയും താഴ്ത്തുകയുമല്ല. വിഷ്ണുവിന്റെ കൈചലനങ്ങളിലൂടെ പാട്ടിന്റെ അടുത്തഭാഗംകൂടി ഓ‌ർത്തെടുക്കാൻ ഞങ്ങൾക്കാവും..’മിനിയുടെ കൂട്ടുകാർ പഞ്ഞു. പാട്ട് ഇഷ്ടപ്പെട്ടാൽ നല്ലതാ…നല്ലതാ എന്ന് അവ്യക്തമായി പറയും. ഇഷ്ടപ്പെട്ടില്ലെങ്കിൽ അതും പ്രകടിപ്പിക്കും. തിരുവനന്തപുരം കരമന ഗാന്ധിനഗർ സ്വദേശിയാണ് വിഷ്ണു. ഈഞ്ചയ്ക്കൽ സുഭാഷ്‌നഗറിലെ ശ്രദ്ധ സ്പെഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്.

മകനുവേണ്ടി ഈ അമ്മ

കുടുംബപരമായ കാരണങ്ങളാൽ വിഷ്ണുവിന് മൂന്നരവയസുള്ളപ്പോൾ മുതൽ മിനി ഒറ്റയ്ക്കാണ് മകനെ വളർത്തുന്നത്. ജീവിതത്തിൽ പിടിച്ചുനിൽക്കാൻ കുറെ ബുദ്ധിമുട്ടി.വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാനും മകനെ നോക്കാനും ടാക്സ് കൺസൾട്ടൻസി ഓഫീസ് തുടങ്ങി.ഏഴുമാസമുള്ളപ്പോൾ വാക്സിനേഷനെടുക്കാൻ പോയപ്പോഴാണ് വിഷ്ണുവിന്റെ രോഗം തിരിച്ചറിയുന്നത്. 2005ൽ ശ്രീചിത്രയിൽ ചികിത്സതേടി. വിവിധ ആശുപത്രികളിലായി തലച്ചോറിൽ ഉൾപ്പെടെ ആറു ശസ്ത്രക്രിയകൾ ചെയ്യേണ്ടിവന്നു.

എം.ബി.എസ് ക്വയർ

സംഗീതസംവിധായകൻ എം.ബി.ശ്രീനിവാസന്റെ പേരിൽ 36വർഷം മുമ്പ് ആരംഭിച്ചതാണ് എം.ബി.എസ് യൂത്ത് ക്വയർ. ലെനിൻ ബാലവാടിയിൽ എല്ലാ ശനിയാഴ്ചയും പരിശീലനം. വിവിധ സാംസ്കാരിക പരിപാടികൾക്ക് സംഘം പാടും. 1993 മുതൽ മിനി ക്വയറിലെ അംഗമാണ്.


Source link

Related Articles

Back to top button