അതിഥി തൊഴിലാളികളുടെ അതിഥിയായി ഒറ്റയാൻ; പരാക്രമം കാണിച്ച് അരി സഞ്ചിയുമായി മടക്കം

കോയമ്പത്തൂർ∙ രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് നശിപ്പിച്ചു. വീടിനകത്തെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് അരിയും കഴിച്ചാണ് ഒറ്റയാൻ മടങ്ങിയത്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരിയ നായക്കം പാളയം റേഞ്ചിലെ കൂടല്ലൂർ നഗരസഭ പരിധിയിലാണ് ഒറ്റയാൻ ദിവസങ്ങളായി കറങ്ങുന്നത്.
വെള്ളിയാഴ്ച രാത്രി തെക്കു പാളയം കെന്നടി തെൻട്രൽ അവന്യുവിൽ 4 അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് അതിഥിയായി ഒറ്റയാനും എത്തിയത്. രാത്രി കതക് തുറന്നുവെച്ച് ഗ്യാസ് അടുപ്പിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് വിരുന്നുകാരൻ എത്തിയത്. ഇതോടെ പുറത്തേക്ക് ഓടാൻ ആകാതെ ഗ്യാസ് അടുപ്പ് ഓഫാക്കിയ തൊഴിലാളികൾ ഒറ്റമുറി വീടിനകത്ത് അകപ്പെട്ടു.
തുടർന്ന് തല ഉള്ളിലേക്ക് ഇട്ട ആന പലവ്യഞ്ജനങ്ങൾ സൂക്ഷിച്ചിരുന്ന കബോർഡ് അടക്കം വീടിനകത്ത് സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ടു. പിന്നീട് പുറത്തേക്ക് പോയ ആന മിനിറ്റിനകം തിരിച്ചെത്തി ഒരു കാൽ ഉള്ളിലേക്കാക്കി അകത്തേക്ക് കയറാൻ ശ്രമിച്ചു. യുവാക്കൾ വാങ്ങി സൂക്ഷിച്ചിരുന്ന അരി ആനയുടെ നേർക്ക് വലിച്ചെറിഞ്ഞപ്പോഴാണ് ശൗര്യം തണുത്തത്. വൈകാതെ അരി സഞ്ചിയുമായി ഒറ്റയാൻ പുറത്തേക്ക് പോയത്.
യുവാക്കൾ തന്നെയാണ് വൈറലായ വിഡിയോ പകർത്തിയത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് കയറ്റിവിട്ടു. രണ്ട് ദിവസം മുമ്പാണ് വയോധികനെ കാട്ടാന ഗേറ്റ് അടയ്ക്കുന്നതിനിടയിൽ തൂക്കിയെറിഞ്ഞത്.
English Summary:
Rogue Elephant Terrorizes Coimbatore: Viral Video Shows Elephant Stealing Rice in Coimbatore Home
Source link