ബന്ദികളുടെ പട്ടിക കൈമാറിയില്ല; ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലായില്ല; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ വൈകുന്നു. പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായി ഗാസയില്‍ ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ ആരംഭിക്കാനിരുന്നത്. പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യന്‍ സമയം ഉച്ചയോടെ) വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്ന് സമാധാനചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് അല്‍ അന്‍സാരി അറിയിച്ചത്. പക്ഷേ, ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. കരാര്‍ നടപ്പിലാകുന്നതുവരെ ഗാസയിലെ സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇതോടെ ഗാസയിലെ സമാധാന ശ്രമങ്ങള്‍ ഇനി എങ്ങനെ പുരോഗമിക്കുമെന്നതില്‍ ആശങ്കകളേറി. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഹമാസ് പരാജയപ്പെട്ടെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. അതേസമയം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മോചിപ്പിക്കുന്ന മൂന്ന് വനിതകളുടെ വിവരങ്ങള്‍ ഹമാസ് കൈമാറിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
Source link