കൊണ്ടോട്ടി മുൻ എം.എൽ.എ കെ.മുഹമ്മദുണ്ണി ഹാജി നിര്യാതനായി

കൊണ്ടോട്ടി: കൊണ്ടോട്ടി മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ. മുഹമ്മദുണ്ണി ഹാജി (82) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10ന് വളളുവമ്പ്രം മഹല്ല് ജുമുഅത്ത് പള്ളിയിൽ നടക്കും.
1943 ജൂലായ് ഒന്നിന് കോടാലി ഹസൻ- പാത്തു ദമ്പതികളുടെ മകനായി ജനിച്ചു. ചെറുപ്രായത്തിൽ തന്നെ പൊതുപ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മുതൽ നിയമസഭാംഗത്വം വരെയുള്ള പദവികൾ വഹിച്ചു. 2006, 2011 കാലയളവിൽ കൊണ്ടോട്ടിയിൽ നിന്ന് എം.എൽ.എയായി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. 17 വർഷം കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറിയായിരുന്നു. 16 വർഷത്തോളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയുമായി. കാൽനൂറ്റാണ്ട് പൂക്കോട്ടൂർ പഞ്ചായത്ത് അംഗമായും 14 വർഷത്തോളം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ, യുണൈറ്റഡ് ഇലക്ട്രിക്കൽ കൊല്ലം ചെയർമാൻ, ഏറനാട് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചർ ബാങ്ക് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം വള്ളുവമ്പ്രം മുഈനുൽ ഇസ്‌ലാം സംഘം മഹല്ല് പ്രസിഡന്റായിരുന്നു. മക്കൾ: ഹസ്സൻ ജിദ്ദ, റഷീദ് (കുഞ്ഞാപ്പു), അനീസ, ബേബി ബറത്ത്. മരുമക്കൾ: യു.പി. അബൂബക്കർ, ഷഫീഖ് (അദ്ധ്യാപകൻ, പി.പി.എം.എച്ച്.എസ് കൊട്ടുക്കര ), നസറി, ജംഷീദ.
Source link