KERALAM

ജനങ്ങൾക്കിടയിലാണ് ഗവർണർമാരുടെയും സ്ഥാനം: രാജേന്ദ്രവിശ്വനാഥ് ആർലേക്കർ

ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ എഴുത്തിന്റെ സുവർണ ജയന്തി ആഘോഷം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നവരാണ് യഥാർത്ഥ ഗവർണർമാരെന്ന് കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ജനങ്ങളുടെ ഹൃദയത്തുടിപ്പ് അറിയുന്ന വ്യക്തിയാണ് ശ്രീധരൻ പിള്ള. ലോക് ഭവനാണ് അദ്ദേഹത്തിന്റേത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ രാജ്ഭവനിൽ വരുന്നു. സൗഹൃദം പങ്കിടുന്നു. വ്യത്യസ്തമായ വിഷയങ്ങൾ അദ്ദേഹം എഴുതുന്നു. പഠിക്കുന്നു. അദ്ദേഹത്തിന്റെ ചിന്താഗതി, വൈകാരികത, തുടങ്ങിയവയെല്ലാം എഴുത്തിലൂടെ ആഘോഷിക്കപ്പെടുകയാണ്.

ഭരണഘടന നിർദ്ദേശിക്കുന്ന ജീവിതം ഇന്ത്യയിലെ ജനങ്ങൾക്കുണ്ടാക്കാൻ ഗവർണർമാർ ശ്രമിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ശ്രീധരൻ പിള്ളയുടെ എഴുത്ത് മഹനീയമാണ്. ബി.ജെ.പി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരാണ്. ഒ. രാജഗോപാൽ മർക്കസിൽ വന്നപ്പോൾ എന്തൊക്കെ കോലാഹലമാണ് ഉണ്ടായത്. ശ്രീധരൻ പിള്ളയുടെ പരിപാടിയിൽ ഞാൻ പങ്കെടുത്തതിലും വിമർശനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ശ്രീധരൻ പിള്ളയെന്നും സമൂഹത്തിന്റെ ഉന്നതിയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും ബസേലിയോസ് മാർത്തോമാ മാത്യൂസ് കത്തോലിക്കാബാവ പറഞ്ഞു.

രാജേന്ദ്രവിശ്വനാഥ് ആർലേക്കറിനും ശ്രീധരൻ പിള്ളയ്ക്കുമുള്ള ഉപഹാരം ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡന്റ് എം.വി. കുഞ്ഞാമു നൽകി. പി. എസ്. ശ്രീധരൻപിള്ളയുടെ സാഹിത്യ സാംസ്‌ക്കാരിക പ്രവർത്തനങ്ങൾ വിലയിരുത്തി 60 തോളം പ്രമുഖർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച സുവനീർ കേരള ഗവർണറിൽനിന്ന് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ ഏറ്റുവാങ്ങി.സാമൂഹിക ജീവിതത്തെ ഉറപ്പിച്ച് നിറുത്തുന്നത് ബന്ധങ്ങളാണെന്നും അവ കാത്തു സൂക്ഷിക്കണമെന്നും ശ്രീധരൻ പിള്ള മറുമൊഴിയിൽപറഞ്ഞു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, എം.കെ. രാഘവൻ എം.പി, പി.കെ കൃഷ്ണദാസ് തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എം.പി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതം പറഞ്ഞു.


Source link

Related Articles

Back to top button