KERALAM

‘കേരളത്തിൽ പുരുഷ കമ്മിഷൻ വേണം, നിയമസഭയിൽ പ്രൈവറ്റ് ബില്ലായി അവതരിപ്പിക്കാമെന്ന് എംഎൽഎ ഉറപ്പ് നൽകി’

കൊച്ചി: സംസ്ഥാനത്ത് പുരുഷന്മാർക്ക് വേണ്ടി പുരുഷ കമ്മിഷൻ രൂപീകരിക്കാനുള്ള ക്യാമ്പയിൻ ജനുവരി 30 മുതൽ ആരംഭിക്കുമെന്ന് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. കുട്ടികൾക്ക് ബാലാവകാശ കമ്മിഷനും സ്ത്രീകൾക്ക് വനിതാ കമ്മിഷനും ഉള്ളതുപോലെ പുരുഷന്മാർക്കും കമ്മിഷൻ വേണമെന്നാണ് രാഹുൽ ഈശ്വർ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എംഎൽഎമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹണി റോസ് നൽകിയ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ കൊച്ചിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് രാഹുൽ ഈശ്വർ ഈ ആവശ്യം മുന്നോട്ടുവച്ചത്.

രാഹുൽ ഈശ്വറിന്റെ വാക്കുകളിലേക്ക്
‘എനിക്ക് പോകാൻ ഒരു കമ്മിഷൻ ഇല്ലാത്തത് കൊണ്ടല്ലേ, നിങ്ങൾ എല്ലാവരും എന്നെ ടാർഗറ്റ് ചെയ്യുന്നത്. എനിക്ക് എവിടെയെങ്കിലും പോയി പരാതി പറയാനും പ്രതിരോധിക്കാനും ആരും ഇല്ലെന്ന് അറിഞ്ഞ് മാദ്ധ്യമങ്ങളുടെ മുമ്പിലും പൊതുസമൂഹത്തിന് മുന്നിലും വേട്ടയാടുന്നത്. പലപ്പോഴും ഈ നാട്ടിലെ പുരുഷന്മാർ ലീഗലി അനാഥരാണ്. നമ്മുടെ നാട്ടിൽ കോടതികളുണ്ട് മനുഷ്യാവകാശ കമ്മിഷനുകളുണ്ട്. എന്നിട്ടും എന്തിനാണ് വനിതാ കമ്മിഷൻ. വനിതകൾ മനുഷ്യരാണല്ലോ?

വനിത കമ്മിഷൻ വേണമെന്ന് തന്നെയാണ് ഞാൻ പറയുന്നത്. കാരണം, കോടതിയിലും പൊലീസ് സ്റ്റേഷനിലും പോകാമെങ്കിലും സ്ത്രീകൾക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ബാലാവകാശ കമ്മിഷൻ. അതേപോലെ ഒരു പുരുഷ കമ്മിഷൻ വേണം. അത് ഇല്ലാത്തത് കൊണ്ടാണ് രാഹുൽ ഈശ്വറിനെയും മറ്റുള്ളവരെയും വേട്ടയാടാൻ അവർക്ക് കഴിയുന്നത്. ജയിലിൽ പിടിച്ചിട്ടാലും പുരുഷന്മാർക്ക് വേണ്ടിയും കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഈ നിലപാട് തുടരും.

ഈ വരുന്ന ജനുവരി മുപ്പതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം മുതൽ പുരുഷ കമ്മിഷന് വേണ്ടിയുള്ള ക്യാമ്പയിൻ ആരംഭിക്കും. ഉമ്മൻചാണ്ടിക്കും എൽദോസ് കുന്നപ്പിള്ളിക്കും കിട്ടാത്ത നീതി നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് എത്തിച്ചുകൊടുക്കേണ്ടതാണ്. ഇപ്പോൾ അതിൽ പ്രതീക്ഷയ്ക്ക് വകയില്ല. രണ്ട് എംഎൽഎമാരോട് ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടുണ്ട്. അവർക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകും. ഒന്ന് ചാണ്ടി ഉമ്മനാണ്. ചൊവ്വാഴ്ച അദ്ദേഹത്തെ കണ്ട് നിവേദനം നൽകും. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുമായി നേരിട്ട് കണ്ട് ഇതേക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ട്. നിയമസഭയിൽ ഒരു പ്രൈവറ്റ് ബില്ലായി അവതരിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്’- രാഹുൽ പറഞ്ഞു.


Source link

Related Articles

Back to top button