INDIA

അഴിമതി തടയാൻ ‘സീറോ കറപ്ഷൻ വികാസ്പുരി’; എഎപിയുടെ സിറ്റിങ് മണ്ഡലത്തിൽ മലയാളിയായ സിപിഐ സ്ഥാനാർഥി


നിയമസഭാ തിരഞ്ഞെടുപ്പിന്റെ താളം മുറുകുമ്പോൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ത്രികോണപ്പോരിനു വികാസ്പുരി മണ്ഡലത്തിൽ വെല്ലുവിളിയാവുകയാണ് സിപ‌ിഐ. പതിറ്റാണ്ടുകളായി ഡൽഹിയുടെ ഭരണ സംവിധാനങ്ങളിൽനിന്ന് ഇടതുപക്ഷം പുറത്താണെങ്കിലും ഇത്തവണ കഥ മാറുമെന്ന് ഉറപ്പിച്ചാണ് മലയാളി കൂടിയായ സ്ഥാനാർഥി ഷിജോ വർഗീസ് കുര്യന്റെ പ്രചാരണം. വികസനത്തിലൂന്നിയുള്ള ഭരണം ഉറപ്പാക്കുമെന്നതാണ് സിപിഐയുടെ അജൻഡയെന്ന് ഷിജോ പറയുന്നു. പത്തനംതിട്ട സ്വദേശി കൂടിയായ ഷിജോയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ…

∙ എഎപി, ബിജെപി, കോൺഗ്രസ് എന്നിങ്ങനെ 3 പാർട്ടികളാണ് തിരഞ്ഞെടുപ്പ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. പ്രചാരണം എത്രത്തോളം ദുഷ്കരമാണ്?ദുഷ്കരമല്ല മറിച്ച് വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ പ്രചാരണത്തിലുടനീളം അനുകൂല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നാലായിരത്തോളം മലയാളികളും അത്രതന്നെ തമിഴ്നാട്ടുകാരുമുള്ള മണ്ഡലത്തിൽ ഭൂരിഭാഗം പട്ടികജാതി വിഭാഗക്കാരാണ്. വാഗ്ദാനങ്ങളിൽ മാത്രമൊതുങ്ങിയുള്ള ജനവിരുദ്ധ ഭരണസംവിധാനങ്ങളിൽ അസ്വസ്ഥരാണ് മണ്ഡലത്തിലെ ജനങ്ങൾ. അവർ മാറ്റം ആഗ്രഹിക്കുന്നു. ഇടതുപക്ഷം ആ മാറ്റമാകും.

∙ എഎപിയുടെ സിറ്റിങ് മണ്ഡലമാണ് . എന്തു വികസനമാണ് വാഗ്ദാനം ചെയ്യുന്നത്?മൊഹല്ല ക്ലിനിക്, സൗജന്യ കുടിവെള്ളം, മികച്ച മാലിന്യ സംസ്കരണം തുടങ്ങി എഎപി വൻ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്ന പദ്ധതികളുടെ പരിതാപസ്ഥിതി മണ്ഡലത്തിലുടീളം കാണാം. മൊഹല്ല ക്ലിനിക്കിൽ മരുന്നോ കൃത്യമായ ചികിത്സയോ കിട്ടാത്തതിനാൽ ഹരിനഗറിലെയും ജനക്പുരിയിലെയും ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കൃത്യസമയത്ത് കുടിവെള്ളമില്ല, സ്കൂളുകളുടെ ഗതി അതിലേറെ കഷ്ടം.
∙ സിപിഐ അധികാരത്തിലെത്തിയാൽ ?

– 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്ന പീപ്പിൾസ് വാട്ടർ ബാങ്ക് നടപ്പാക്കും.– മാലിന്യനിർമാർജനത്തിന് കൃത്യമായ സംവിധാനമൊരുക്കി വികാസ്പുരി മാലിന്യമുക്തമാക്കും– അനധികൃത കോളനികൾ റഗുലറൈസ് ചെയ്യാൻ സംവിധാനമുണ്ടാക്കും– അഴിമതി തടയാൻ ‘സീറോ കറപ്ഷൻ വികാസ്പുരി ’ നടപ്പാക്കും– സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ ‘ഹാപ്പി മീൽ പ്രോജക്ട്’
∙ ഡൽഹിയിൽ ഇടതിന്റെ വിജയം എന്തിന്?സിപിഎം, സിപിഐ,സിപിഐ (എംഎൽ), ആർഎസ്പി,ഫോർവേർഡ് ബ്ലോക്ക് പാർട്ടി, കമ്യൂണിസ്റ്റ് ഗദ്ദർ പാർട്ടി ഓഫ് ഇന്ത്യ (സിജിപിഐ) എന്നിങ്ങനെ ഇടതു പാർട്ടികൾ ഡൽഹിയിലെ മൂന്നിലൊന്നു സീറ്റുകളിൽനിന്നും ജനവിധി തേടുന്നുണ്ട്. വർഷങ്ങളായി തുടർഭരണം നടത്തുന്ന മുഖ്യധാരാ പാർട്ടികൾ ഡൽഹിയിലെ പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കെ ഇത്തവണ സ്ഥിതി മാറും. ഇടതുപക്ഷ പാർട്ടികൾ വിജയിച്ചാൽ, മെച്ചപ്പെട്ട സർക്കാർ ആശുപത്രികൾ, സൗജന്യ വിദ്യാഭ്യാസം, 60 വയസ്സിനു മുകളിലുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക ക്ഷേമ പെൻഷനുകൾ, പിന്നാക്ക വിഭാഗങ്ങൾ പാർപ്പിടം തുടങ്ങിയവ ഉറപ്പാക്കും.

∙ രാഷ്ട്രീയ പ്രവേശനം ?
കായിക മത്സരങ്ങളിലെ മികവിന് ആദരിക്കാൻ കേരള ഹൗസിൽ നടന്ന പരിപാടിയിൽ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ പരിചയപ്പെട്ടതിലൂടെയാണ് ഇടതുപക്ഷ അനുഭാവമുണ്ടായത്. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി. എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. നിലവിൽ എഐവൈഎഫ് ഡൽഹി കൗൺസിൽ അംഗമാണ്. കർഷക സമരത്തിലും പൗരത്വഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിലും സജീവ സാന്നിധ്യമായിരുന്നു.

∙ ഡൽഹിയിൽ എത്തിയതെങ്ങനെ ?
അച്ഛൻ ടി.വി.കുര്യൻ കർഷകനാണ്. അമ്മ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജോളി കുര്യൻ. അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട് 11–ാം വയസ്സിലാണ് ഡൽഹിയിലെത്തുന്നത്. വികാസ്പുരി കേരള സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി. ശേഷം ഫിസിക്കൽ എജ്യുക്കേഷനിൽ ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം. 800 മീറ്റർ, 1500 മീറ്റർ ഇനങ്ങളിൽ 2016 മുതൽ 2018 വരെ സംസ്ഥാന ചാംപ്യനായിരുന്നു. രജൗരിഗാർഡൻ ഡി–517ലാണ് താമസം. ഏക സഹോദരൻ ഷിജിൻ ജോൺ കുര്യൻ മോത്തിലാൽ നെഹ്റു കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് വിദ്യാർഥിയാണ്.

∙ കേരളത്തിൽനിന്ന് നേതാക്കളെത്തുമോ?
കേരളത്തിൽനിന്നും ദേശീയതലത്തിൽനിന്നും നേതാക്കളെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചരണങ്ങളിലും അവരും സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു.


Source link

Related Articles

Back to top button