സിഎംആർഎൽ മാസപ്പടിക്കേസ്; നടന്നത് 185 കോടിയുടെ അഴിമതി, ഗുരുതര വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടിക്കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ ഡൽഹി ഹെെക്കോടതിയിൽ. 185 കോടിയുടെ അനധികൃത പണമിടപാട് സിഎംആർഎൽ നടത്തിയെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) – ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡൽഹി ഹെെക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്. സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിന് അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചു.
മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ഡൽഹി ഹെെക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. കേസിൽ ജനുവരി 20ന് വിധി വരാനിക്കെ വാദങ്ങൾ എഴുതി നൽകാൻ കക്ഷികളോട് കോടതി നിർദേശിച്ചു. തുടർന്നാണ് ആദായ നികുതി വകുപ്പും എസ് എഫ് ഐ ഒയും കോടതിയിൽ വാദങ്ങൾ എഴുതി നൽകിയത്.
വീണാ വിജയന്റെ കമ്പനിക്കും വിവിധ രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും ഉൾപ്പടെ നൽകിയ പണമിടപാടിന്റെ ഭാഗമായി 185 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് എസ് എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കേന്ദ്രം വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകൾ സിഎംആർഎൽ ഉണ്ടാക്കി. ഇതുവഴി സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. കേസിൽ പൊതുതാൽപര്യമില്ലെന്ന സിആർഎംഎല്ലിന്റെ വാദത്തിനെയും കേന്ദ്രം തള്ളി.
Source link