സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിച്ചു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

കൊച്ചി: നടി ഹണിറോസിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വാർത്താ ചാനലുകളിലൂടെ രാഹുൽ ഈശ്വ‌ർ സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയിരിക്കുന്നത്.

അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്നും യുവജനകമ്മിഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.

രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് നേരത്തെ കൊച്ചി സെൻട്രൽ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് അറസ്റ്റ് സാദ്ധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയപ്പോഴാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാടും തേടിയിരുന്നു.

അതേസമയം, രാഹുൽ ഈശ്വറിനെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വർ വ്യക്തമാക്കുന്നത്. ഹണി റോസിന്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാദ്ധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വർ വ്യക്തമാക്കിയിരിക്കുന്നത്.


Source link
Exit mobile version