ചെറുതുരുത്തി: പാഞ്ഞാൾ പൈങ്കുളത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് അഞ്ചിന് ശ്മശാനം കടവിലായിരുന്നു സംഭവം. ചെറുതുരുത്തി ഓടയ്ക്കൽ ഉമ്മറിന്റെ മകൻ കബീർ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകൾ സാറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (13) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴ കാണാനെത്തിയതാണ് കുടുംബം.
പുഴയിൽ കളിക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാനായി കബീറും ഷാഹിനയും ഇറങ്ങിയെങ്കിലും അവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ
ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. ഷൊർണൂർ ഫയർ ആൻഡ് റെസ്‌ക്യൂ ടീമും, ചെറുതുരുത്തി പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി എട്ടരയോടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചേലക്കര ജീവോദയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ചെറുതുരുത്തി സാറ ബേക്കറി ഉടമയാണ് കബീർ. സാറ ചെറുതുരുത്തി ഗവ. എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ചേലക്കര മേപ്പാടം ആന്ത്രോട്ടിൽ ജാഫർ- ഷഫാന ദമ്പതികളുടെ മകൻ ഫുവാദ് സനിൻ പങ്ങാരപ്പിള്ളി സെന്റ് ജോസഫ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി.
Source link