KERALAM

ഗോപൻ സ്വാമിയെ ഇന്ന് വീണ്ടും സമാധിയിരുത്തും, പോസ്റ്റുമോർട്ടത്തിൽ ദുരൂഹതകൾ നീങ്ങി

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഒരാഴ്ച നീണ്ട വിവാദങ്ങൾക്ക് ഇതോടെ വിരാമം. മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോയില്ല. വിഷാംശം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങൾക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. ആരോപണ നിഴലിലായിരുന്ന കുടുംബത്തിനും വിവിധ സംഘടനാ പ്രവർത്തകർക്കും ഇത് ആശ്വാസമായി.

ഇന്ന് ഗോപൻ സ്വാമിയുടെ സമാധി വീണ്ടും നടത്താനുള്ള തയ്യാറെടുപ്പും ആരംഭിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, ഫോറൻസിക്, പത്തോളജി റിപ്പോർട്ടുകളും വരും ദിവസങ്ങളിലേ ലഭിക്കൂ. പ്രാഥമിക റിപ്പോർട്ടുകളിൽ ദുരൂഹതയില്ലാത്തതിനാൽ അത് സാങ്കേതിക നടപടികൾ മാത്രമാണെന്നും മൃതദേഹം വിട്ടുനൽകുന്നതിന് തടസമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റുമോർട്ടം കഴി‌ഞ്ഞ് നെയ്യാറ്റിൻകര നിംസിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയോടെ നെയ്യാറ്റിൻകര ആറാംലുമൂട്ടിലെ വീട്ടിലെത്തിക്കും. വൈകിട്ട് 3നും 4നും ഇടയിൽ നേരത്തെ സമാധിയിരുന്ന അതേസ്ഥലത്ത് വിപുലമായ ചടങ്ങുകളോടെ മഹാസമാധി നടത്തി ആരോപണങ്ങളിൽ അഗ്നിശുദ്ധി വരുത്താനാണ് കുടുംബത്തിന്റെയും വി.എസ്.ഡി.പി, അഖിലേന്ത്യ നാടാർ അസോസിയേഷൻ തുടങ്ങിയ വിവിധ സംഘടകളുടെയും തീരുമാനം.

പ്രദേശവാസികളുടെ പരാതിയെ തുടർന്ന് മരണകാരണം കണ്ടെത്തണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ അഞ്ചോടെയാണ് ഗോപൻ സ്വാമിയുടെ സമാധി പൊളിക്കൽ നടപടികളാരംഭിച്ചത്. നേരം പുലർന്നതോടെ വീടും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കി. ഗോപൻസ്വാമിയുടെ ഭാര്യയും മക്കളുമുള്ള വീടിന് അകത്തും പുറത്തും വനിതാപൊലീസുകാർ ഉൾപ്പെടെ നിറഞ്ഞു. ഇൻക്വിസ്റ്റിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതോടെ സബ്കളക്ടർ ഒ.വി.ആൽഫ്രഡ്, നെയ്യാറ്റിൻകര തഹസീൽദാർ നന്ദകുമാരൻ, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഷാജി.എസ്,നെടുമങ്ങാട് ഡ‌ി.വൈ.എസ്.പി അരുൺ.കെ.എസ്,സ്‌‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ജയകുമാർ ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി വീട്ടുകാരോട് സംസാരിച്ചു. സമാധിപൊളിക്കുകയാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങണമെന്നും കുടുംബാംഗങ്ങളോട് സബ് കളക്ടർ പറഞ്ഞു. ഏഴരയോടെ സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്ത് വാർഡ് കൗൺസിലർമാരായ അജിത, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പിന്നാലെ മകൻ സനന്ദനെയും വാർഡ് കൗൺസിലറെയും കൂട്ടി പൊലീസും മെഡിക്കൽകോളേജിലേക്ക്. ഉച്ചയ്ക്ക് രണ്ടോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൂന്നോടെ നിംസിലെത്തിച്ച് മോർച്ചറിയിലേക്കു മാറ്റി.

സ്വാമിയെ നിവർത്തി കിടത്തി


കോൺക്രീറ്റ് സമാധിക്കുള്ളിൽ ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലായിരുന്നു ഗോപൻ സ്വാമിയെ കണ്ടെത്തിയത്. കഴുത്തറ്റംവരെ ഭസ്മം,ചന്ദനം,മഞ്ഞൾ,രാമച്ചം തുടങ്ങിയ പൂജാദ്രവ്യങ്ങൾ. അരയ്ക്ക് കീഴ്പോട്ടും നാവും അഴുകിയ നിലയിൽ. പൂജാദ്രവ്യങ്ങൾക്ക് നടുവിലിരുന്നതിനാൽ വലിയതോതിൽ ശരീരം അഴുകിയിരുന്നില്ലെന്ന് ഫോറൻസിക് വിദഗ്ദ്ധർ പറഞ്ഞു. ദുർഗന്ധം വമിക്കുന്ന അന്തരീക്ഷത്തിൽ മൃതദേഹം സ്ട്രെച്ചറിൽ നിവർത്തി കിടത്തിയാണ് ഇൻക്വസ്റ്റ് ടേബിളിലേക്ക് മാറ്റിയത്. നാട്ടുകാരെയും മാദ്ധ്യമങ്ങളെയും ഉൾപ്പെടെ 200മീറ്റർ അകലെ തടഞ്ഞ് അതീവസുരക്ഷയിലായിരുന്നു നടപടികൾ.


Source link

Related Articles

Back to top button