കേരള കലാമണ്ഡലത്തിൽ ചരിത്രം കുറിച്ച് ആർഎൽവി രാമകൃഷ്ണൻ; ആദ്യ മലയാളി നൃത്താദ്ധ്യാപകനായി ചുമതലയേറ്റു
തൃശൂർ: കേരള കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താദ്ധ്യാപകനായി ചുമതലയേറ്റ് ആർഎൽവി രാമകൃഷ്ണൻ. ഭരതനാട്യം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായാണ് അദ്ദേഹം ഇന്ന് ജോലിയിൽ പ്രവേശിച്ചത്. കലാമണ്ഡലത്തിലെ നൃത്താദ്ധ്യാപകനായതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു. അന്തരിച്ച പ്രമുഖ നടൻ കലാഭവൻ മണിയുടെ സഹോദരനാണ് ആർഎൽവി രാമകൃഷ്ണൻ.
‘വളരെയധികം സന്തോഷമുണ്ട്. കലാമണ്ഡലത്തിന്റെ ആരംഭകാലത്ത് ചെന്നൈയിൽ നിന്നുള്ള എആർആർ ഭാസ്‌കർ, രാജരത്‌നം മാസ്റ്റർ എന്നിവരായിരുന്നു നൃത്താദ്ധ്യാപകരായി ഉണ്ടായിരുന്നത്. അവർക്കുശേഷം നൃത്തവിഭാഗത്തിൽ അദ്ധ്യാപകനായി ജോലി ലഭിക്കുക എന്നത് സൗഭാഗ്യകരമായ കാര്യമായാണ് കരുതുന്നത്’- ആർഎൽവി രാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
1996 മുതൽ തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ മോഹിനിയാട്ടം പഠിച്ച രാമകൃഷ്ണൻ നാല് വർഷത്തെ ഡിപ്ളോമയും പോസ്റ്റ് ഡിപ്ളോമയും സ്വന്തമാക്കിയിട്ടുണ്ട്. എം ജി സർവകലാശാലയിൽ നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസായി. കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിംഗ് ആർട്‌സിൽ എംഫിലിൽ ഒന്നാം സ്ഥാനവും നേടി. നെറ്റ് യോഗ്യതയും നേടി. കലാമണ്ഡലത്തിൽ നിന്നുതന്നെയാണ് പിഎച്ച്‌ഡി പൂർത്തിയാക്കിയത്.
15 വർഷത്തിലധികം കാലടി സംസ്‌കൃത സർവകലാശാലയിലും ആർഎൽവി കോളേജിലും മോഹിനിയാട്ടം വിഭാഗത്തിൽ ഗസ്റ്റ് ലക്‌ച്ചററായി സേവനം അനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.
ആർഎൽവി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിനുശേഷം മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്‌ണനെ കേരള കലാമണ്ഡലം ക്ഷണിക്കുകയും ചെയ്തിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ വിവാദ പരാമർശങ്ങൾ നടത്തിയത്. ഇത് വിവാദമായതോടെ രമകൃഷ്‌ണന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. തുടർന്ന് സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും കലാമണ്ഡലം തന്നെ സത്യഭാമയുടെ വാക്കുകൾ തള്ളിപ്പറയുകയും ചെയ്‌തിരുന്നു.
Source link