KERALAM

ഗോപൻ സ്വാമിയുടെ മരണം; അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം, സംസ്കാരം നാളെ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. ശ്വാസകോശത്തിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധനാഫലം വരണം. എങ്കിൽ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. രാസ പരിശോധന റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണ കാരണം പറയാൻ സാധിക്കുകയുള്ളൂവെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

മരണം സംഭവിച്ചത് വീടിന് അകത്തുവച്ചാണോ എന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്. ഗോപൻ സ്വാമിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും. പോസ്റ്റ്‌മോർട്ടം നടക്കുന്ന സ്ഥലത്തേക്ക് മൂത്ത മകൻ സനന്ദനെ കൊണ്ടുവന്നിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മകൻ പോവാൻ തയ്യാറാവുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബം ഏറ്റുവാങ്ങും. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. മതാചാര്യന്മാരെ പങ്കെടുപ്പിക്കും.


ഇന്ന് രാവിലെയാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്‌മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കമുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു.


Source link

Related Articles

Back to top button