കത്തി ഒടിഞ്ഞ് രണ്ടര ഇഞ്ച് ഉള്ളിൽ കയറി, സെയ്ഫിന് കുത്തേറ്റത് നട്ടെല്ലിന്
അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ. മുംബൈയിലെ ലീലാവതി ആശുപത്രി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായതായും സുഖം പ്രാപിക്കുകയാണെന്നും വ്യക്തമാക്കിയത്. ആക്രമണത്തിൽ സെയ്‌ഫിന് ആറു മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നടന്‍ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സി.ഇ.ഒ ഡോ. നീരജ് ഉറ്റാമനി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അക്രമി വീടിനകത്തു പ്രവേശിച്ചു എന്നറിഞ്ഞപ്പോൾ കുട്ടികളുടെ മുറിയിലേക്ക് ഓടിയെത്തുകയായിരുന്നു സെയ്ഫ്. കുട്ടികളെയും ജോലിക്കാരെയും സംരക്ഷിക്കാനായി അക്രമിയോട് മല്ലിടുമ്പോഴാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. നട്ടെല്ലിന് സമീപത്തായി ആറ് കുത്തുകളാണ് ഏറ്റത്. അതിൽ രണ്ടെണ്ണം ഗുരുതരമായിരുന്നു. മുറിവിൽ നിന്നും കത്തിയുടെ രണ്ടര ഇഞ്ചുള്ള കഷ്ണം പുറത്തെടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. നട്ടെല്ലിന്റെ ആവരണം തുളച്ചു സ്രവം പുറത്തുവന്ന അവസ്ഥയിലായിരുന്നു.
പുലർച്ചെ മൂന്നര മണിക്കാണ് സെയ്ഫ് ആശുപത്രിയിലെത്തിയത്. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ രണ്ടരമണിക്കൂറോളം നീണ്ടു. ന്യൂറോ സര്‍ജനും കോസ്‌മെറ്റിക്‌സ് സര്‍ജനും ഉള്‍പ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം നടന്‍ സുഖം പ്രാപിച്ചുവരുകയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും സെയ്ഫ് അലി ഖാന്റെ അടുത്തവൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിനു പിന്നാലെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മോഷ്ടാവ് എങ്ങനെയാണ് വീട്ടിനുള്ളില്‍ കടന്നതെന്ന് വ്യക്തമല്ല. വീട്ടിനുള്ളിലേക്ക് ആരും പോകുന്നതായി കണ്ടിട്ടില്ല എന്നാണ് സെക്യൂരിറ്റി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണശ്രമം ചെറുക്കുന്നതിന്‍റെ ഭാഗമായി സെയ്ഫ് അലി ഖാന് കുത്തേറ്റുവെന്ന് ഭാര്യ കരീന പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ മറ്റുള്ളവര്‍ സുരക്ഷിതരാണ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മാധ്യമങ്ങളും ആരാധകരും വിഷയത്തില്‍ സംയമനം പാലിക്കണം എന്നും പ്രസ്താവനയിലൂടെ കരീന അഭ്യര്‍ഥിച്ചു. സംഭവത്തില്‍ മൂന്നു വീട്ടുജോലിക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Source link