തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ഭൗതികശരീരം ചെറിയ രീതിയിൽ ജീർണിച്ചു തുടങ്ങിയിരുന്നെന്ന് സമാധിത്തറ പൊളിച്ച തമ്പി. സമാധി സ്ഥലം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചത് എസ്.ഐ ആണ്. ഗോപൻ സ്വാമിയുടെ ശരീരം മുഴുവൻ വീർത്ത അവസ്ഥയിൽ ആയിരുന്നെന്നും, ചമ്രം മടഞ്ഞ രീതിയിലായിരുന്നു ബോഡി കാണപ്പെട്ടതെന്നും തമ്പി പ്രതികരിച്ചു.
”സമാധിയുടെ ചുറ്റും ടാർപോളിൻ കെട്ടിയത് ഞാൻ ആയിരുന്നു. അങ്ങനെയാണ് എസ് ഐ വിളിച്ച് സമാധി സ്ഥലം പൊളിക്കണം എന്ന് പറഞ്ഞത്. മുകളിലുള്ള സ്ളാബാണ് ആദ്യം പൊളിച്ചത്. സ്വാമി ഇരിക്കുന്നത് കാണാൻ പറ്റി. വശങ്ങളിലെ രണ്ട് സ്ളാബുകൾ കൂടി ഇളക്കിയപ്പോൾ ഭസ്‌മം മൂടിയ നിലയിൽ കണ്ടു. ചമ്രം മടഞ്ഞ രീതിയിലായിരുന്നു ബോഡി കാണപ്പെട്ടത്. ചെറിയ രീതിയിൽ അഴുകി തുടങ്ങിയിരുന്നു. എന്നാൽ ഭസ്‌മം മൂടിയ സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ശരീരം മുഴുവൻ വീർത്തിട്ടുണ്ടായിരുന്നു. കണ്ടതോടെ ഒരു കൗൺസിലർ ബോധംകെട്ടു വീണു. ”- തമ്പിയുടെ വാക്കുകൾ.
ഗോപൻസ്വാമിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. പുലർച്ചെ മുതൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയശേഷം രാവിലെ ഏഴേകാലിനാണ് കല്ലറ പൊളിച്ചു തുടങ്ങിയത്. ഒന്നരമണിക്കൂറിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റമോർട്ടത്തിന് എത്തിച്ചു. ആന്തരികാവയവങ്ങളുടെ സാംപിളുകൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതിനിടെ, തന്റെ അച്ഛന്റേത് മഹാസമാധിയെന്ന് അവകാശപ്പെട്ട് ഗോപൻ സ്വാമിയുടെ മകൻ രംഗത്ത് എത്തി. പൊലീസാണ് തിടുക്കം കാട്ടിയതെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷകനും വ്യക്തമാക്കി. പോസ്റ്റമോർട്ടം പൂർത്തിയാക്കിയതിന് പിന്നാലെ മൃതദേഹം ഇന്ന് നെയ്യാറ്റിൻകരയിലേക്ക് കൊണ്ടുപോകും. സ്വകാര്യാശുപത്രിയിലാകും മൃതദേഹം സൂക്ഷിക്കുക. നാളെ വലിയ ആഘോഷത്തോടെ വീണ്ടും സമാധി ചടങ്ങുകൾ നടത്തുമെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
Source link