കരീനയെ രക്ഷിച്ചത് ‘ഗേൾസ് പാർട്ടി’; ടെന്‍ഷനടിച്ച് നടി ആശുപത്രിക്കു മുന്നിൽ; വിഡിയോ | Kareena Kapoor Saif Ali Khan | Kareena Kapoor Girls Party | Kareena Kapoor Attack
കരീനയെ രക്ഷിച്ചത് ‘ഗേൾസ് പാർട്ടി’; ടെന്‍ഷനടിച്ച് നടി ആശുപത്രിക്കു മുന്നിൽ; വിഡിയോ
മനോരമ ലേഖകൻ
Published: January 16 , 2025 02:53 PM IST
Updated: January 16, 2025 03:11 PM IST
1 minute Read
സെയ്ഫ് അലി ഖാനെതിരായ ആക്രമണം സഹപ്രവർത്തകരെയും ആരാധാകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ നിന്ന് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂട്ടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു കരീന. കവര്‍ച്ചശ്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ സോനം കപൂര്‍, റിയ കപൂര്‍ എന്നിവര്‍ക്കുമൊപ്പം ഗേൾസ് പാർട്ടി ആഘോഷിക്കുകയായിരുന്നു നടി.
ലീലാവതി ആശുപത്രിയില്‍ നിന്നുള്ള നടിയുടെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോയുടെ അരികിൽ നിന്ന് വീട്ടിലെ ജീവനക്കാരോട് കാര്യങ്ങൾ ആരായുന്നതും വിഡിയോയിൽ കാണാം.
പുലര്‍ച്ചെ മൂന്നരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണസമയത്ത് സെയ്ഫിനെ കൂടാതെ വീട്ടുജോലിക്കാരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. അതേസമയം, അക്രമിക്ക് സെയ്ഫിന്റെ വീട്ടിനുള്ളില്‍ നിന്നു തന്നെ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പോലീസ്. ആക്രമണം നടക്കുന്നതിനു രണ്ടു മണിക്കൂര്‍ സമയത്തിനുള്ളില്‍ ആരും വീട്ടിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍, അക്രമിക്ക് വീട്ടില്‍ മണിക്കൂറുകളോളം ഒളിച്ചു തങ്ങാന്‍ അവസരം ലഭിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. സംശയമുള്ള മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബാന്ദ്രയിലെ സത്ഗുരു ശരൺ സൊസൈറ്റി സമുച്ചയത്തിന്റെ 12–ാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. ഇവിടെ നാലു നിലകൾ ചേർന്ന അപ്പാർട്ട്മെന്റാണ് നടനുള്ളത്. സംഭവത്തിനു പിന്നാലെ ഈ കെട്ടിടസമുച്ചയത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടേക്ക് അക്രമിക്ക് എത്താൻ സാധിച്ചതും സംഭവത്തിനു ശേഷം രക്ഷപ്പെടാൻ കഴിഞ്ഞതും ആശങ്കയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ആരുടെയെങ്കിലും സഹായം അക്രമിക്കു ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവ സമയത്ത് സെയ്ഫ് അലി ഖാന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു. സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റു കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കരീന കപൂർ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
English Summary:
Kareena Kapoor Khan was NOT at home when husband Saif Ali Khan was stabbed during robbery
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-saifalikhan f3uk329jlig71d4nk9o6qq7b4-list 2g9s0s059blvhnci0udbqcj24h mo-entertainment-movie-kareenakapoor mo-entertainment-common-bollywoodnews
Source link