‘ഗാസയിലെ ജനങ്ങൾക്കു മാനുഷിക സഹായവിതരണം ലഭ്യമാകുമെന്നു പ്രതീക്ഷ’: സ്വാഗതം ചെയ്ത് ഇന്ത്യ

ഗാസയിലെ ജനങ്ങൾക്കു മാനുഷിക സഹായവിതരണം | സ്വാഗതം ചെയ്ത് ഇന്ത്യ | World News | Malayalam News | Manorama News | Manorama Online

‘ഗാസയിലെ ജനങ്ങൾക്കു മാനുഷിക സഹായവിതരണം ലഭ്യമാകുമെന്നു പ്രതീക്ഷ’: സ്വാഗതം ചെയ്ത് ഇന്ത്യ

ഓൺലൈൻ ഡെസ്ക്

Published: January 16 , 2025 03:24 PM IST

1 minute Read

(Photo by Omar AL-QATTAA / AFP)

ന്യൂഡൽഹി∙ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ഗാസയിലെ ജനങ്ങൾക്കു സുരക്ഷിതവും സ്ഥിരമായതുമായ മാനുഷിക സഹായവിതരണം ലഭ്യമാകാൻ ഇതു വഴിയൊരുക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. 15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ടു വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും കഴിഞ്ഞദിവസമാണു അംഗീകരിച്ചത്.

‘‘ബന്ദികളെ വിട്ടയയ്ക്കുന്നതിനും ഗാസയിൽ വെടിനിർത്തലിനുമുള്ള കരാർ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഗാസയിലെ ജനങ്ങൾക്കു സുരക്ഷിതവും സ്ഥിരമായതുമായ മാനുഷിക സഹായവിതരണം ലഭ്യമാക്കാൻ ഇതു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്കു മടങ്ങാനും ഞങ്ങൾ നിരന്തരം ആഹ്വാനം ചെയ്തിരുന്നു’’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളാണു വിജയം കണ്ടത്. വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി വ്യക്തമാക്കി. തന്റെയും ഡോണൾഡ് ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണു വെടിനിർത്തലിലേക്കു നയിച്ചതെന്നു സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
യുദ്ധത്തിൽ ഗാസയുടെ ഭൂരിഭാഗം പ്രദേശവും തകർന്നടിയുകയും 23 ലക്ഷം പലസ്തീൻകാരിൽ 90 ശതമാനവും അഭയാർഥികളായി മാറുകയും ചെയ്തു. യുദ്ധത്തിനു കാരണമായ 2023 ഒക്ടോബർ 7ലെ ഹമാസ് കടന്നാക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കി. നവംബറിൽ ഹ്രസ്വകാല വെടിനിർത്തലിൽ ഇതിൽ പകുതിയോളം പേരെ വിട്ടയച്ചിരുന്നു. ഗാസയിൽ ആകെ മരണം 46,707 ആയി. 1,10,265 പേർക്കു പരുക്കേറ്റു.

English Summary:
India Welcomes Israel-Hamas Ceasefire Deal: ‘Will Lead To Sustained Supply Of Assistance In Gaza’

mo-news-world-countries-israel 4snilhr63cib9dqal4nvdidkcf mo-news-world-countries-gazastrip 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-israel-palestine-conflict mo-news-common-worldnews mo-news-world-common-hamas


Source link
Exit mobile version