അമ്പലത്തിൻകാല ശ്രീകുമാർ വധം: 8 ബി.ജെ.പിക്കാർക്കും ജീവപര്യന്തം
അമ്പലത്തിൻകാല ശ്രീകുമാർ വധകേസിൽ ശിക്ഷിക്കപ്പെട്ടവർ
5 പേർക്ക് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം : കാട്ടാക്കട സ്വദേശിയും സി.പി.എം പ്രവർത്തകനുമായ അശോകനെന്ന ആർ.ശ്രീകുമാറിനെ കൊലപ്പെടുത്തിയ കേസിൽ കുറ്രക്കാരായി കണ്ടെത്തിയ 8 ബി.ജെ.പി പ്രവർത്തകർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 5 പേർ ഇരട്ട ജീവപര്യന്തം അനുഭവിക്കണം. സംഭവത്തിൽ നേരിട്ട് പങ്കാളികളായ ഇവർക്ക് ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും പുറമേ ഗൂഢാലോചന കുറ്റത്തിനും ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ സെഷൻസ് കോടതി വിധിച്ചു.എന്നാൽ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. രണ്ട് കുറ്റങ്ങളിലും പിഴ ഒടുക്കണം. മൂന്ന് പ്രതികള്ക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 50,000 രൂപയുമാണ് പിഴ. അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി സുദർശനാണ്ശിക്ഷ വിധിച്ചത്.
2013 മേയ് 2നാണ് കാട്ടാക്കട അമ്പലത്തിൻകാല മണ്ണടി പുത്തൻവീട്ടിൽ ആർ.ശ്രീകുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. പലിശ നൽകിയത് കുറഞ്ഞുപോയത് ചോദ്യം ചെയ്തതായിരുന്നു കാരണം. 16 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. 8 പേരെ കോടതി നേരത്തേ വെറുതെവിട്ടിരുന്നു.ആമച്ചൽ സ്വദേശികളായ തലക്കോണം തെക്കേകുഞ്ചുവീട്ടിൽ ശംഭുകുമാർ എന്ന ശംഭു, കരുതംകോട് കാവിൻപുറം എസ്.എം.സദനത്തിൽ ശ്രീജിത്ത് എന്ന ഉണ്ണി, കരുംതംകോട് മേലെ കുളത്തിൻകര വീട്ടിൽ ഹരികുമാർ, കരുതംകോട് താരാഭവനിൽ ചന്ദ്രമോഹൻ എന്ന അമ്പിളി, തലക്കോണം തെക്കേ കുഞ്ചുവീട്ടിൽ സന്തോഷ് എന്ന ചന്തു എന്നിവരാണ് 5 വരെയുള്ള പ്രതികൾ. . ആലംകോട് കുളത്തിമ്മേൽ അമ്പലത്തിൻകാല സ്വദേശി അഭിഷേക് എന്ന അണ്ണി സന്തോഷ്, അമ്പലതിൻകാല കളവിക്കോട് പ്രശാന്ത് എന്ന പഴിഞ്ഞി പ്രശാന്ത്, കുളത്തിമ്മേൻ ചെമ്പനാക്കോട് ചന്ദ്രവിലാസത്തിൽ സജീവ് എന്നിവർ യഥാക്രമം 7,10,12 പ്രതികളാണ്. പ്രതിപ്പട്ടികയിലെ 19 പേരിൽ ഒരാൾ മരണപ്പെടുകയും 2 പേർ മാപ്പുസാക്ഷികളാകുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട ശ്രീകുമാറിന്റെ സുഹൃത്ത് ബിനു ഒന്നാം പ്രതി ശംഭുകുമാറിൽ നിന്ന് ബൈക്കിന്റെ ആർ.സി ബുക്ക് പണയം വച്ച് 10,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പലിശ നൽകിയത് കുറഞ്ഞതിനാൽ ഒന്നാം പ്രതി ബിനുവിന്റെ ബൈക്കിന്റെ താക്കോലെടുത്തു. ഇത് ശ്രീകുമാർ ചോദ്യം ചെയ്യുകയും ശംഭുവിനെ മർദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് ശംഭുവിന്റെ സുഹൃത്തുക്കളായ പ്രതികൾ സംഘം ചേർന്ന് ശ്രീകുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എ.ഹക്കീം ഹാജരായി.
Source link