ഹൈക്കോടതിയിൽ തലയൂരി ബോബി ; മാപ്പ്…​ മാപ്പ്… ഇനി ഒന്നിനും ഞാനില്ലേ

കൊച്ചി: ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതെ നിയമവ്യസ്ഥയെ വെല്ലുവിളിച്ച വ്യവസായി ബോബി ചെമ്മണൂർ,​ ഹൈക്കോടതി ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടയ്ക്കുമെന്നായതോടെ നിരുപാധികം മാപ്പു പറഞ്ഞ് തലയൂരി.

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ചൊവ്വാഴ്ച വൈകിട്ട് ജാമ്യഉത്തരവും പിന്നാലെ വിടുതൽ ഉത്തരവും ഇറങ്ങിയെങ്കിലും ബോണ്ട് ഒപ്പിടാതെ ബോബി ജയിലിൽ തുടരുകയായിരുന്നു. ജാമ്യത്തുക അടയ്ക്കാനില്ലാതെ ജയിലിൽ തുടരുന്ന 26 റിമാൻഡ് പ്രതികളുടെ പണമടച്ച് അവർക്കൊപ്പമേ പുറത്തിറങ്ങൂ എന്ന നിലപാടുമെടുത്തു. ഇതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച കക്ഷി, ജാമ്യം അനുവദിച്ചപ്പോൾ പുറത്തിറങ്ങാതെ തന്നിഷ്ടം കാണിക്കുകയായിരുന്നു.

ഇന്നലെ മൂന്നു തവണയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് കേസ് അടിയന്തരമായി പരിഗണിച്ചത്.

കോടതി സ്വമേധയാ കേസെടുത്തതറിഞ്ഞ് രാവിലെ 9.50ന് ബോബി തിടുക്കപ്പെട്ട് പുറത്തിറങ്ങി. അപ്പോഴും,​ ജാമ്യത്തുക കെട്ടിവയ്‌ക്കാനില്ലാത്തവർക്ക് സഹായമെത്തിക്കാനും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് ജയിലിൽ തുടർന്നതെന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇത് ജുഡിഷ്യറിയോടുള്ള യുദ്ധപ്രഖ്യാപനമായി കണ്ട ഹൈക്കോടതി നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നറിയിച്ചു. തുടർന്നാണ് മാപ്പു പറഞ്ഞതും കോടതി പിൻവാങ്ങിയതും.

രാവിലെ മോചിതനായപ്പോൾ സ്വീകരിക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു. പൊട്ടിക്കാൻ കൊണ്ടുവന്ന മാലപ്പടക്കം പൊലീസ് പിടിച്ചെടുത്തു.

യുദ്ധപ്രഖ്യാപനമെന്ന് കോടതി, നാവുപിഴയെന്ന് ബോബി

 10.15ന് വിഷയം പരിഗണിച്ച കോടതി,​ നാടകം കളിക്കുകയാണോയെന്ന് ചോദിച്ചു. യഥാസമയം പുറത്തിറങ്ങാത്തതിന്റെ കാരണം 12 മണിക്ക് മുമ്പ് അറിയിക്കാൻ നിർദേശിച്ചു

 12.30ന് ബോബി തൃശൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിന് പദ്ധതിയിട്ടെങ്കിലും മാറ്റിവച്ചു

 12ന്കേസ് പരിഗണിച്ചപ്പോൾ, ജാമ്യ ഉത്തരവ് ജയിലധികൃതർക്ക് കൈമാറിയത് ഇന്നലെ രാവിലെ 9.15നാണെന്ന് അഭിഭാഷകൻ ആവർത്തിച്ചു

 തലേദിവസം 4.45ന് റിലീസ് ഓർഡർ പുറത്തിറക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ബോബി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ്

 കേസ് 1.45ന് പരിഗണിക്കാൻ മാറ്റി. ജുഡിഷ്യറിയോടുള്ള യുദ്ധപ്രഖ്യാപനമാണ് ബോബിയുടേതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിമർശിച്ചു

 12ന് മുമ്പ് ബോബി തൃശൂരിൽ മാദ്ധ്യമങ്ങളെ കണ്ട് കോടതിയോ‌ട് ബഹുമാനമാണെന്നും മാപ്പു പറയാൻ തയ്യാറാണെന്നും പറഞ്ഞു

 ഇക്കാര്യം 1.45ന് കേസ് പരിഗണിച്ചപ്പോൾ, അഭിഭാഷകൻ അഡ്വ.ധിനിൽ കോടതിയെ അറിയിച്ചു

റിമാൻഡ് തടവുകാരെ പരാമർശിച്ച് പറഞ്ഞത് നാവുപിഴയാണെന്നും ഇനി ഇക്കാര്യത്തിൽ വായ് തുറക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ബോധിപ്പിച്ചു

 നിരുപാധിക മാപ്പപേക്ഷയ്ക്ക് തയ്യാറാണെന്നു അറിയിച്ചതോടെ ജാമ്യം റദ്ദാക്കൽ നീക്കം കോടതി ഉപേക്ഷിച്ചു


Source link
Exit mobile version