KERALAM

വനം നിയമഭേദഗതി സർക്കാർ ഉപേക്ഷിച്ചു, പിന്മാറ്റം ജനരോഷം ഭയന്ന്

എം.എച്ച്. വി​ഷ്ണു | Thursday 16 January, 2025 | 4:35 AM

# തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: കുറ്റവാളികളെന്ന് സംശയിക്കുന്നവരെ മജിസ്ട്രേറ്റിന്റെ ഉത്തരവോ വാറണ്ടോ ഇല്ലാതെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കാൻ വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനം നിയമഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറി. നിയമസഭയുടെ വെബ്സൈറ്റിൽ ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചെങ്കിലും നിയമസഭയിൽ അവതരിപ്പിക്കില്ല. മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായിവിജയനാണ് തീരുമാനമറിയിച്ചത്. ജനാഭിപ്രായം എതിരായ സാഹചര്യത്തിൽ നിയമഭേദഗതിക്കായി വാശിപിടിക്കുന്നില്ലെന്നും മലയോര ജനതയ്ക്കെതിരായ ഒരുനീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഭയന്നാണ് സർക്കാരിന്റെ പിന്മാറ്റമെന്ന് അറിയുന്നു.

നിയമഭേദഗതിയിൽ സർക്കാർ ജനാഭിപ്രായം തേടിയിരുന്നു. ഭരണ മുന്നണിയിലെ കേരളാകോൺഗ്രസ് എമ്മും ക്രൈസ്തവസഭകളും പ്രതിപക്ഷവും ശക്തമായി എതിർത്തു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ ഈ മാസം 27 മുതൽ യു.ഡി.എഫ് മലയോരജാഥ പ്രഖ്യാപിച്ചു. നിയമസഭാംഗത്വം രാജിവച്ച പി.വി.അൻവറും ഭേദഗതി പ്രധാന വിഷയമാക്കി. ജനവിരുദ്ധമായി അമിതാധികാരം നൽകുന്ന കാര്യങ്ങളിൽ മാറ്റംവേണമെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. 1961ലെ നിയമത്തിലാണ് ഭേദഗതിക്കൊരുങ്ങിയത്. 2019ൽ സമാനമായ ഭേദഗതിബിൽ കൊണ്ടുവന്നെങ്കിലും കാലഹരണപ്പെട്ടു. വന്യജീവി ആക്രമണത്തിലെ നഷ്ടപരിഹാരം കാലോചിതമായി പരിഷ്കരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ജനവിരുദ്ധമായ

അമിതാധികാരം

1.വന്യജീവി ആക്രമണങ്ങളുണ്ടാവുമ്പോൾ പ്രതിഷേധിക്കുന്നവരെയടക്കം ബീറ്റ്ഓഫീസർക്കോ അതിനു മുകളിലുള്ള വനംഉദ്യോഗസ്ഥർക്കോ അറസ്റ്റ്ചെയ്ത് തടങ്കലിലാക്കാൻ കഴിയും. നിലവിൽ പൊലീസിനാണ് അധികാരം.

2. റെയ്ഡിനും രേഖകൾ പിടിച്ചെടുക്കാനും വാഹനം തടയാനുമടക്കം പൊലീസിന്റെ അധികാരങ്ങൾ വനംഉദ്യോഗസ്ഥർക്കും കൈവരും. അറസ്റ്റിലാവുന്നവരെ എത്രയുംവേഗം അടുത്ത ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലക്കാരന് മുന്നിൽ ഹാജരാക്കണം.

3.കുറ്റവാളികളെന്ന് സംശയിക്കുന്നവരെ പേരും വിലാസവും വെളിപ്പെടുത്തിയില്ലെങ്കിലും വനംഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാം. പ്രതിഷേധിക്കുന്നവരെ ‘കൈകാര്യം’ ചെയ്യാൻ വനം ഉദ്യോഗസ്ഥർ പുതിയ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക ശക്തമായിരുന്നു.

1.30 കോടി ജനങ്ങൾ:

വനാതിർത്തി മേഖലയിൽ

താമസിക്കുന്നവർ

430 പഞ്ചായത്തുകൾ:

വനാതിർത്തിയോട്

ചേർന്നുള്ളവ

നിയമം മനുഷ്യർക്ക് വേണ്ടി: മുഖ്യമന്ത്രി

അധികാരം ദുർവിനിയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്ക ഗൗരവത്തോടെ കാണുന്നു. സർക്കാർ മലയോരജനതയ്ക്കൊപ്പമാണ്. അതിനാലാണ് നിയമംതന്നെ വേണ്ടെന്നുവച്ചത്. യു.ഡി.എഫ് കാലത്തെ ഭേദഗതി വനംവകുപ്പ് അതേപടി കൊണ്ടുവന്നതാണ് ആശങ്കയുണ്ടാക്കിയത്. ഏതുനിയമവും മനുഷ്യർക്ക് വേണ്ടിയാവണം. മനുഷ്യരുടെ നിലനിൽപ്പിനും പുരോഗതിക്കും പ്രകൃതിസംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകളായിരിക്കണം.


Source link

Related Articles

Back to top button