ശിവഗിരി: ഷർട്ട് ഊരി പ്രവേശനം ഉൾപ്പെടെ ക്ഷേത്ര സംബന്ധിയായി നിലനിൽക്കുന്ന ചില ആചാരങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ നാളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്കരണ യാത്രാസത്സംഗം നടത്തും.
രാവിലെ 10ന് തിരുവനന്തപുരത്തെ ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥനയ്ക്കും പുഷ്പാർച്ചനയ്ക്കും ശേഷം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യാത്രാസത്സംഗം ഉദ്ഘാടനം ചെയ്യും. ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുധർമ്മപ്രചാരണസഭാ പ്രവർത്തകരും ഗുരുദേവഭക്തരും പങ്കെടുക്കും.
തുടർന്ന് പദയാത്രയായി ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തും. അവിടെ പ്രാർത്ഥനായജ്ഞം നടത്തിയ ശേഷം അധികൃതർക്ക് നിവേദനം സമർപ്പിക്കും. സ്വാമി സച്ചിദാനന്ദ, സ്വാമി ശാരദാനന്ദ, പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ ശിവഗിരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കുന്നതിനും ആരാധനയിൽ പങ്കെടുക്കുന്നതിനും അവസരം നൽകണം. ചില ക്ഷേത്രങ്ങളിൽ പാന്റസ്, ചുരിദാർ എന്നിവയ്ക്ക് മുകളിൽ പലയാളുകൾ ഉടുത്ത മുണ്ടുകൂടി ധരിപ്പിക്കുന്ന ആചാരവും ദൂരീകരിക്കേണ്ടതാണ്. ഗുരുദേവ ദർശനത്തിന്റെ വെളിച്ചത്തിൽ സമൂഹം അനാചാരങ്ങളിൽ നിന്ന് അറിവിലേക്ക് സഞ്ചരിക്കണം.
ക്ഷേത്ര നിയമനത്തിൽ
സംവരണം ഉറപ്പാക്കണം
ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായി നിയമനങ്ങളിൽ സംവരണം നടപ്പാക്കണം
താന്ത്രികവിദ്യ പരിശീലിച്ചിട്ടുള്ളവർക്ക് ജാതി പരിഗണന കൂടാതെ ശബരിമലയിൽ ഉൾപ്പെട മേൽശാന്തിയായും മറ്റും നിയമനം നൽകണം
ഗുരുദേവന്റെ കൃതികൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ സംവിധാനം ഒരുക്കണം എന്നിവയാണ് നിവേദനത്തിലെ മറ്റ് പ്രധാന ആവശ്യങ്ങൾ
Source link