ഫാർമസിസ്റ്റുകൾക്ക് ആശ്വാസം: 250 തസ്തിക അനുവദിക്കും


# ദുരിതം കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് 250 ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തിക അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതോടെ നൂറുകണക്കിന് ഫാർമസിസ്റ്റുകൾക്ക് ആശ്വാസം. `കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പകരക്കാരില്ല, ഫാർമസിസ്റ്റുകൾക്ക് ഭക്ഷണംപോലും അന്യം’ എന്ന തലക്കെട്ടിൽ ഇക്കൂട്ടരുടെ ദുരിതം കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ 538 തസ്തികകളുടെ പ്രപ്പോസലാണ് ആരോഗ്യ ഡയറക്ടറേറ്റിൽ നിന്ന് സർക്കാരിലേക്ക് പോയത്. ഇതിൽ 250 എണ്ണത്തിനാണ് ധനവകുപ്പിന്റെ അനുമതി . ഇത് മതിയാകില്ലെങ്കിലും ഇത്രയെങ്കിലും ലഭിച്ചത് ഫാർമസിസ്റ്റുകൾക്ക് വലിയ ആശ്വാസമായി. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു വരെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിലവിൽ ഒരുഫാർമസിസ്റ്റ് മാത്രമാണ്. മരുന്ന് വിതരണവും സ്റ്റോക്ക് രജിസ്റ്റർ കൈകാര്യം ചെയ്യലും ആശുപത്രിയുടെ പൊതു സ്റ്റോറിന്റെ ചുമതലയും ഫാർമസിസ്റ്റിനാണ്. അടിയന്തരഘട്ടങ്ങളിൽ അവധിയെടുത്താൽ നഴ്സുമാർ പകരക്കാരാവും. ഡോക്ടർമാരോ ഫാർമസിസ്റ്റോ മാത്രമേ മരുന്ന് നൽകാവൂ എന്ന ചട്ടം ഇതിലൂടെ ലംഘിക്കുന്ന സ്ഥിതിയായി.

2017ൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. അപ്പോൾ, 150 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു ഫാർമസിസ്റ്റിനെ അധികമായി നിയമിച്ചിരുന്നു. തുടർന്ന് ഘട്ടങ്ങളായി 700ഓളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയെങ്കിലും ഫാർമസിസ്റ്റുകളുടെ എണ്ണം കൂട്ടിയിരുന്നില്ല.

സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ഇത് ശക്തിപ്പെടുത്തും.


എം.കെ. പ്രേമാനന്ദൻ,

സംസ്ഥാന സെക്രട്ടറി,

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ


Source link
Exit mobile version