കൊച്ചി: ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി നടി ഹണി റോസ്. ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെ ഹണി റോസിനെതിരെയും ബോബിയെ പിന്തുണച്ചും രംഗത്തെത്തിയ ആളാണ് രാഹുൽ. ഇതിന് ഹണി റോസ് മറുപടി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഹണി ഇപ്പോൾ നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.
ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്തതെന്ന് ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ലെന്നും ഹണി റോസ് പറഞ്ഞു.
‘രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണക്കുന്ന, ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ പിആർ ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്ഡ് ക്രൈമിന്റെ ഭാഗം ആണ്.’
‘എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു’- ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Source link