KERALAM

രാഹുൽ ഈശ്വറിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് നിലപാട് തേടി ഹൈക്കോടതി

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിന് തിരിച്ചടി. ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് രാഹുൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കേസിൽ പൊലീസ് ഇതുവരെ എഫ്ഐആർ ഇട്ടിട്ടില്ല. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും അധിക്ഷേപിച്ചെന്നാണ് ഹണിയുടെ പരാതി.

പൊലീസ് നിലപാട് തേടിയ ശേഷം അറസ്റ്റ് തടയാനുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കേസ് 27ാം തീയതി വീണ്ടും പരിഗണിക്കും. കേസിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിലും വിശദമായ പ്രാഥമിക അന്വേഷണം നടത്തുകയാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായത് കൊണ്ട് തന്നെ രാഹുൽ ഈശ്വറിന്റെ ആവശ്യം തള്ളണമെന്ന നിലപാടായിരിക്കാം പൊലീസ് സ്വീകരിക്കുക.

ഹണി റോസിനെക്കൂടാതെ തൃശൂർ സ്വദേശി സലീമും രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. രാഹുൽ ഈശ്വർ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നതായി ശനിയാഴ്ചയാണ് ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്. ഇന്നലെ രാവിലെയാണ് രണ്ടാമത്തെ പരാതി ലഭിച്ചത്. ചാനൽ ചർച്ചകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഹണി റോസിനെ രാഹുൽ അപമാനിക്കുന്നുവെന്നാണ് സലിമിന്റെ പരാതിയിലുള്ളത്. സംഭവവുമായി നേരിട്ട് ബന്ധമില്ലാത്തയാളെന്ന നിലയിൽ സലിമിന്റെ പരാതി പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ല.

എന്നാൽ ചർച്ചകളിൽ അഭിപ്രായം പറയുകയേ ചെയ്തിട്ടുള്ളൂ എന്നാണ് രാഹുൽ പറയുന്നത്. വിമർശിച്ചതല്ലാതെ നുണയോ അപവാദമോ പറഞ്ഞിട്ടില്ല. കേസിലെ പ്രതിയെ ന്യായീകരിച്ചിട്ടില്ല. പരാതിക്കാരിയോട് പ്രതി മാപ്പ് പറയണമെന്നും പറഞ്ഞിരുന്നു. ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശ്യമില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു.


Source link

Related Articles

Back to top button