KERALAM

‘ബോച്ചെ മുങ്ങിയതുപോലെ മുങ്ങിയെന്ന് പറയരുത്, എവിടെയും പോകില്ല; ഞാൻ വീട്ടിൽ തന്നെ കാണും’

കൊച്ചി: തനിക്കെതിരെ ഹണി റോസ് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതുകൊണ്ടാണ് പൊലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതെന്ന് രാഹുൽ ഈശ്വർ. ഹണി റോസിന്റെ കേസിൽ ഏതെങ്കിലും രീതിയിൽ എന്നെക്കുടുക്കാൻ ശ്രമിക്കുന്ന ആൾക്കാരും താൽപര്യങ്ങളുമൊക്കെയുണ്ടാകാമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹണി റോസിന്റെ പരാതിയിൽ മുൻകൂർ ജാമ്യേപേക്ഷയിൽ അറസ്റ്റ് തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

‘കേസ് അടുത്ത 27ലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് തടയണമെന്ന അഭ്യർത്ഥന കോടതി അംഗീകരിച്ചില്ലെന്ന വസ്തുത തന്നെയാണ്. അതുകൊണ്ട് രാഹുൽ ഈശ്വർ ഇവിടെ തന്നെകാണും. വിമർശനങ്ങൾക്ക് ഒരിഞ്ച് പോലും മയമുണ്ടാകില്ല. ബഹുമാനത്തോടെയുള്ള വിമർശനം തുടരുമെന്ന് ഹണി റോസിനോട് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. വീട്ടിൽ തന്നെയാണ് ഇപ്പോൾ താമസിക്കുന്നത്. ഞാൻ എവിടെയും പോകില്ല. പൊലീസിന് അറസ്റ്റ് ചെയ്യണമെങ്കിൽ ഞാൻ അവിടെ തന്നെ കാണും. ബോച്ചെ മുങ്ങിയതുപോലെ മുങ്ങിയെന്ന് പറഞ്ഞ് പൊലീസ് കഥയുണ്ടാക്കരുത്’- രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം, സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ പൊലീസ് പ്രാഥമിക പരിശോധന ആരംഭിച്ചു. നിയമോപദേശം ലഭിച്ച ശേഷമേ കേസെടുക്കുന്നതിൽ തീരുമാനമാകൂ. രാഹുൽ സമൂഹമാദ്ധ്യമങ്ങളിലിട്ട പോസ്റ്റുകളും കമന്റുകളും പരിശോധിച്ചു തുടങ്ങി. തിരുവനന്തപുരത്ത് രാഹുൽ നടത്തിയ വാർത്താ സമ്മേളനത്തിന്റെ വീഡിയോയും പരിശോധിക്കും. ശനിയാഴ്ചയാണ് ഹണി പരാതി നൽകിയത്.


Source link

Related Articles

Back to top button